India
15-59 വയസ്സ് പ്രായമുള്ളവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ഇന്ന് മുതൽ
India

15-59 വയസ്സ് പ്രായമുള്ളവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ഇന്ന് മുതൽ

Web Desk
|
15 July 2022 12:51 AM GMT

75 ദിവസം സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം.

ഡല്‍ഹി: രാജ്യത്ത് 15 മുതൽ 59 വയസ് വരെ പ്രായമുള്ളവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ഇന്ന് മുതൽ. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ സൗജന്യ വാക്സിൻ വിതരണം ആരംഭിക്കുന്നത്. രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ 75 ദിവസം സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം.

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം കേന്ദ്ര സർക്കാർ ആരംഭിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 75 ദിവസം നീണ്ടു നിൽക്കുന്ന വാക്സിനേഷൻ ഡ്രൈവിനാണ് ഇന്ന് തുടക്കമാകുന്നത്. രാജ്യത്ത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 15 വയസിനും 59 വയസിനും ഇടയിൽ പ്രായമുള്ള 77 കോടി ആളുകൾ ഉണ്ട്. ഇതിൽ 1% ആളുകൾ മാത്രമാണ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവരിലേക്ക് വാക്സിൻ എത്തിക്കാനാണ് പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.

60 വയസിനു മുകളിൽ പ്രായം ഉള്ളവരും കോവിഡ് മുൻനിര പോരാളികളും ഉൾപ്പെടെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 16 കോടി പേരിൽ 26 ശതമാനം മാത്രമാണ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചത്. ഇവർക്കും ബൂസ്റ്റർ ഡോസ് വാക്സിൻ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. ഐസിഎംആർ പഠനം അനുസരിച്ച് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച രാജ്യത്തെ 87 ശതമാനം ആളുകളിൽ ഭൂരിഭാഗവും രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം ഇതിനോടകം പിന്നിട്ടു.

പുതിയ തരംഗത്തിന്‍റെ ഫലമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഇന്നലെ 20000 പിന്നിട്ടിരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ 20 ശതമാനത്തോളം ഉണ്ടാകുന്ന സാഹചര്യത്തിൽ വാക്സിനേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.

Related Tags :
Similar Posts