പ്രതിഷേധം ശക്തമായി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യ പാസ് തുടരും
|പ്രദേശത്തെ അഞ്ച് പഞ്ചായത്തുകളെ ടോളിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം പ്രതിഷേധത്തില്‍ കലാശിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ സമര സമിതിയുടെയും നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധത്തെ തുടർന്ന് ആഗസ്റ്റ് 15 വരെ പ്രദേശവാസികൾക്ക് സൗജന്യ യാത്ര തുടരാൻ തീരുമാനമായി.
പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണ് വിവിധ രാഷ്ട്രീയ സംഘടനകളുടെയും ജനകീയ സമര സമിതിയുടെയും നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞെങ്കിലും കമ്പനി ഏതാനും വാഹനങ്ങളിൽ നിന്ന് ടോൾ പിരിച്ചത് സംഘർഷത്തിനിടയാക്കി. ടോൾ ഗേറ്റിന് മുകളിൽ പ്രതിഷേധക്കാർ കയറി സ്കാനർ മറക്കാൻ ശ്രമിച്ചത് കമ്പനി ജീവനക്കാരുമായി വാക്കുതർക്കത്തിന് കാരണമായി.
പി.പി സുമോദ് എംഎൽഎ, രമ്യ ഹരിദാസ് എംപി ഉൾപ്പെടെയുള്ളവർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് ആഗസ്റ്റ് 15 വരെ പ്രദേശവാസികൾക്ക് സൗജന്യ യാത്ര തുടരാൻ തീരുമാനമായി. പ്രദേശത്തെ 5 പഞ്ചായത്തുകളെ ടോളിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സർവീസ് റോഡ് നിർമ്മാണം പോലും പൂർത്തിയാക്കാതെ ടോൾ പിരിക്കാനുള്ള കമ്പനിയുടെ നീക്കം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് നാട്ടുകാർ.