Kerala
Freedom of the press is not conspiracy-mongering: MV Govindan,latest malayalam news,പത്രസ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ല: എം.വി ഗോവിന്ദൻ
Kerala

പത്രസ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ല: എം.വി ഗോവിന്ദൻ

Web Desk
|
11 Jun 2023 3:44 PM GMT

'ആർഷോയുടെ പരാതി അന്വേഷിക്കും, അതിൽ ആർക്കും പൊള്ളേണ്ടതില്ല'

കണ്ണൂർ: പത്രസ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആർഷോയുടെ പരാതി അന്വേഷിക്കും. അതിൽ ആർക്കും പൊള്ളേണ്ടതില്ലെന്നും ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ടു വരുമെന്നും ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

മാര്‍ക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടയിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.സർക്കാർ വിരുദ്ധ, എസ് എഫ് ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്നും ഇതിനു മുൻപും അങ്ങനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'മാധ്യമങ്ങൾ മാധ്യമങ്ങളുടേതായ സ്റ്റാൻഡിലെ നിൽക്കാവൂ. അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്‌തെന്നു കണ്ടെത്തിയാൽ ആരായാലും അവർക്കെതിരെ കേസെടുക്കുമെന്നും ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യണം.കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി സംഭവത്തെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ഈ കേസ് തികച്ചും വ്യത്യസ്തമാണ്. മാധ്യമത്തിന്റെ പേരും പറഞ്ഞ് ആർക്കും കേസിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.

അതേസമയം, എംവി ഗോവിന്ദന്റേത് അധികാരത്തിന്റെ ശബ്ദമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. തെറ്റായ പരീക്ഷാഫലം സമൂഹമാധ്യമങ്ങളിലൂടെ അടക്കം പ്രചരിപ്പിച്ച് പി.എം ആർഷോയെയും എസ്എഫ്ഐയെയും അപകീർത്തിപ്പെടുത്തിയെന്നതാണ് അഖിലാനന്ദകുമാറിനെ പ്രതിയാക്കാനുള്ള കാരണമായി എഫ് ഐ ആറിൽ പറയുന്നത്.

കേസിൽ അഞ്ച് പ്രതികളാണുളളത്. ഇതിൽ ഒന്നാം പ്രതിയായ ആർക്കിയോളജി ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ വിനോദ് കുമാറും കോളജ് പ്രിൻസിപ്പൽ വിഎസ് ജോയും ചേർന്ന് തെറ്റായ പരീക്ഷാഫലം തയ്യാറാക്കി പ്രസിദ്ധീകരിച്ചുവെന്നാണ് എഫ്ഐആറിലുളളത്. ക്രൈം ബ്രാഞ്ച് സംഘം ഇന്നലെ പ്രിൻസപ്പൽ വി.എസ് ജോയിയെ ചോദ്യം ചെയ്തിരുന്നു.

Similar Posts