'ഫ്രഞ്ച് കളിക്കാര്‍ കറുത്ത പ്രേതങ്ങൾ, എംബാപ്പെയെ രാത്രിയില്‍ കണ്ടാല്‍ ഏഴ് ദിവസം പനിച്ചു കിടക്കും'; വംശീയ പരാമര്‍ശവുമായി ടി.ജി. മോഹന്‍ദാസ്
|"ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും"
ഫ്രഞ്ച് ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശവുമായി സംഘപരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ്. കഴിഞ്ഞ ദിവസത്തെ അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനല്‍ പോരാട്ടത്തിന് ശേഷം ട്വിറ്ററില്‍ പങ്കുവെച്ച ട്വീറ്റിലൂടെയാണ് ടി.ജി. മോഹന്‍ദാസ് കടുത്ത വംശീയ പരാമര്‍ശം നടത്തിയത്. ഫ്രഞ്ചുക്കാര്‍ വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് വിചാരിച്ചിരുന്നതെന്നും എന്നാല്‍ തന്നേക്കാൾ കറുത്ത പ്രേതങ്ങൾ ആണെന്നും മോഹന്‍ദാസ് ട്വീറ്റില്‍ പറഞ്ഞു. എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കുമെന്നും അദ്ദേഹം ട്വിറ്റില്‍ പറയുന്നു.
ടി.ജി മോഹന്‍ദാസിന്‍റെ ട്വീറ്റ്:
ഫ്രഞ്ചുക്കാര്‍ വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ...എന്നേക്കാൾ കറുത്ത പ്രേതങ്ങൾ!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ!
അതെ സമയം ടി.ജി മോഹന്‍ദാസിന്‍റെ വംശീയ ട്വിറ്റിനെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. കറുത്തവർ ഇറങ്ങുന്നത് കൊണ്ട് മാത്രം ജയിച്ചു പോകുന്ന രാജ്യങ്ങളും ഉണ്ടെന്ന് മറക്കാതിരിക്കുന്നത് നല്ലതാണെന്ന് സംവിധായിക ലീല സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ടി.ജി മോഹന്‍ദാസ് വർണവെറിയുടെ മൂർത്ത രൂപമാണെന്നും കൊടിയ വംശീയവാദിയാണെന്നും ഒരാള്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. ഇന്ത്യ ഫുട്ബോൾ കളിക്കുമ്പോഴാവും വംശീയതയുടെ പൂത്തിരി നാം കാണുകയെന്നും കളിക്കാത്തത് പുണ്യമാണെന്നും മറ്റൊരാള്‍ പ്രതികരിച്ചു.