കൊല്ലം കോർപ്പറേഷനിൽ ശുദ്ധജലവിതരണം മുടങ്ങി; ദുരിതത്തിലായി 20ലധികം കുടുംബങ്ങൾ
|അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ജലഭവനിൽ ഒട്ടനവധി തവണ കേറി ഇറങ്ങിയിട്ടും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു
കൊല്ലം: കോർപ്പറേഷനിലെ ഇടക്കൊന്നത്ത് നിലമേൽ തൊടിയിൽ ശുദ്ധജലവിതരണം മുടങ്ങിയതോടെ ദുരിതത്തിലായി 20-ലധികം കുടുംബങ്ങൾ. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കോർപ്പറേഷനിലെ ആകോലിൽ ഡിവിഷനിലുള്ള ഇടക്കൊന്നത്ത് നിലമേൽ തൊടിയിലാണ് ശുദ്ധജല വിതരണം മുടങ്ങിയിരിക്കുന്നത്. ഇരുപതോളം കുടുംബങ്ങൾ തീർത്തും ബുദ്ധിമുട്ടിലായിരിക്കുന്ന അവസ്ഥയാണ്. കുറച്ചധികം ദൂരം സഞ്ചരിച്ചാണ് ഇവർ ദൈനംദിന ആവശ്യങ്ങൾക്കുള്ള വെള്ളം ശേഖരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്നുമാണ് വെള്ളം എടുക്കുന്നത്. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ജലഭവനിൽ ഒട്ടനവധി തവണ കേറി ഇറങ്ങിയിട്ടും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
മൂന്നു വർഷം മുമ്പാണ് ജലഭവൻ ഇവിടെ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചത്. നേരത്തെയും പലതവണ ജലവിതരണം മുടങ്ങിയിട്ടുമുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉടൻ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.