വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം: മുസ്‌ലിം സംഘടനകൾ
|വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിൽ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകൾക്ക് പൂർണമായും പങ്കെടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കുമെന്ന് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
കോഴിക്കോട്: വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാവണമെന്ന് മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം ഏപ്രിൽ 19 ഉം, രണ്ടാം ഘട്ടം ഏപ്രിൽ 26 ഉം വെള്ളിയാഴ്ചകളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിൽ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകൾക്ക് പൂർണമായും പങ്കെടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവും. ഇത് വിവേചനവും ഭരണഘടനാവകാശ ലംഘനവുമാണ്. ജനസംഖ്യയുടെ 30% ത്തോളം മുസ്‌ലിംകളുള്ള കേരളവും ഇതിൽ പെടും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലും ബൂത്ത് ഏജന്റുമാരിലുമുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് ജുമുഅക്ക് പങ്കെടുക്കാൻ കഴിയില്ല. ഇത് മറ്റൊരു തീയതിയിലേക്ക് മാറ്റാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാകണമെന്നും കേരളം കേന്ദ്ര ഇലക്ഷൻ കമ്മീഷണറോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടണമെന്നും മതനിരപേക്ഷ കക്ഷികൾ ഇതിനായി സമ്മർദം ചെലുത്തണമെന്നും സംഘടനാനേതാക്കൾ ആവശ്യപ്പെട്ടു.
പ്രസ്താവനയിൽ ഒപ്പുവെച്ചവർ:
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ (സമസ്ത), കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ (കേരള മുസ്‌ലിം ജമാഅത്ത്), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എൻ.എം), പി.മുജീബ് റഹ്മാൻ (ജമാഅത്തെ ഇസ്ലാമി), തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ), പി.എൻ അബ്ദുല്ലത്വീഫ് മദനി ( വിസ്ഡം), എ.നജീബ് മൗലവി (സംസ്ഥാന ജംഇയ്യതുൽ ഉലമാ) ഡോ.ഇ.കെ അഹമദ് കുട്ടി (മർകസുദ്ദഅവ), ഡോ.പി.ഉണ്ണീൻ (എം.എസ്.എസ്), ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഡോ.ഹുസൈൻ മടവൂർ, ടി.കെ അഷ്‌റഫ്, പ്രാഫ. എ.കെ അബ്ദുൽ ഹമീദ്, ശിഹാബ് പൂക്കോട്ടൂർ, അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ, ഇ.പി അഷ്‌റഫ് ബാഖവി, എഞ്ചി.പി. മമ്മത് കോയ.