കെടിയു വി.സി താത്കാലിക സ്ഥാനത്തുനിന്ന് സിസാ തോമസിനെ നീക്കാൻ നടപടി ശക്തമാക്കി സർക്കാർ
|ഗവർണർക്ക് സമർപ്പിച്ച പാനൽ അവഗണിക്കുന്നു എന്ന് കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ സ്ഥാനത്തുനിന്ന് സിസാ തോമസിനെ നീക്കാൻ കടുത്ത നീക്കവുമായി സർക്കാർ. ഗവർണർക്ക് സമർപ്പിച്ച പാനൽ അവഗണിക്കുന്നു എന്ന് കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നു. സിസാ തോമസിനെതിരായി അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യവും ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതിയ വിസിക്കായി സമർപ്പിച്ച പാനലിനെ ഗവർണർ അവഗണിക്കുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. പാനലിൻമേലുള്ള തുടർ നടപടി ഗവർണർ വൈകിപ്പിക്കുന്നു എന്ന് കാട്ടി വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. എത്രയും വേഗം പകരം പുതിയ ആളെ വിസിയായി ചുമതലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന്‍റെ ആദ്യ സൂചനയെന്നോണമാണ് സിസാ തോമസിന്‍റെ ജോയിന്‍റ് ഡയറക്ടർ പദവി തെറിച്ചത്. സിസാ തോമസിന്‍റെ നിയമനം ശരിവച്ചപ്പോൾ ഹൈക്കോടതി പ്രധാനമായും നിരീക്ഷിച്ച ഒരു ഘടകമായിരുന്നു സാങ്കേതിക വിദ്യാഭ്യാസ ജോ. ഡയറക്ടർ സ്ഥാനം. അത് നഷ്ടമായത് കോടതിയിൽ സിസാ തോമസിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
സർക്കാർ അനുമതി ഇല്ലാതെ വിസിയായി ചുമതലയേറ്റതിൽ അച്ചടക്ക നടപടിയെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. അതിന്‍റെ തുടക്കമായും ഈ സ്ഥാനചലനത്തെ വിലയിരുത്താം. അടുത്ത മാസം 31 നാണ് സിസ തോമസ് സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നത്. അതിന് മുൻപായി സസ്പെൻഷൻ അടക്കമുള്ള മറ്റ് നടപടികൾക്കും സാധ്യതയുണ്ട്. അപ്രതീക്ഷിതമായി സിസാ തോമസിനെതിരെ ഉണ്ടായ നടപടി ഗവർണറെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ചാൻസലർക്കൊപ്പം നിന്നതിന്‍റെ പ്രതികാര നടപടിയായാണ് രാജ്ഭവൻ ഈ നീക്കത്തെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ വി സി സ്ഥാനം നഷ്ടപ്പെടാതെ സിസാ തോമസിനെ സംരക്ഷിച്ചു നിർത്താനാകും ഗവർണർ ശ്രമിക്കുക.