ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് പ്രതീക്ഷ കൈവിടാതെ മുന്നണികൾ
|പോളിങ് കുറഞ്ഞത് നെഞ്ചിടുപ്പ് കൂട്ടിയെങ്കിലും അത് പൂറത്ത് കാണിക്കാതെ ഇരിക്കുകയാണ് മുന്നണികൾ
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്നിട്ടും പോളിങ് ശതമാനം ഉയരാത്ത തിരുവനന്തപുരത്ത് പ്രതീക്ഷ കൈവിടാതെ മുന്നണികൾ. ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോർന്നിട്ടില്ലെന്നാണ് യുഡിഎഫിന്‍റെ പ്രാഥമിക വിലയിരുത്തല്‍.
കഴിഞ്ഞ മൂന്ന് ലോക്സഭ തെരഞ്ഞെടുപ്പിലായി അകന്ന് നിന്ന ന്യൂനപക്ഷവോട്ടുകളില്‍ ഒരു വിഭാഗം ഇത്തവണ പെട്ടിയില്‍ വീണെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു.ബിജെപിയാകട്ടെ ഇരുമുന്നണികളില്‍ നിന്നും വോട്ട് ചോർച്ച ഉണ്ടായെന്നാണ് വിലയിരുത്തുന്നത്.
73.04 ശതമാനം പോളിംങ്ങാണ് കഴിഞ്ഞ തവണ തിരുവനന്തപുരത്ത് രേഖപ്പെടുത്തിയത്.ഇത്തവണയത് 66 ശതമാനത്തിലേക്ക് താഴ്ന്നു. ഇതാണ് മുന്നണികളുടെ നെഞ്ചിടുപ്പ് കൂട്ടിയതെങ്കിലും അത് പൂറത്ത് കാണിക്കാതെ ഇരിക്കുകയാണ് മൂന്ന് മുന്നണികളും.മൂന്ന് പേരും വിജയപ്രതീക്ഷയിലാണ്.ഒരുലക്ഷത്തിനടുത്തുള്ള കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇത്തവണ കോണ്‍ഗ്രസ് ക്യാമ്പ് പ്രതീക്ഷിക്കുന്നില്ല.കടുത്ത മത്സരം നേരിട്ടതിനാല്‍ ഭൂരിപക്ഷം 50000 ന് താഴേക്ക് എത്തുമെന്നാണ് നേതാക്കളുടെ പ്രാഥമിക വിലയിരുത്തല്‍
ആദ്യം പ്രചരണത്തില്‍ പിന്നില്‍ പോയെങ്കിലും അവസാനം പിടിച്ച് കയറിയെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍..ബിജെപി വിരുദ്ധ,തരൂർ വിരുദ്ധ വോട്ടുകളെ ആകെ ഏകോപിപ്പിക്കനായെന്നും എല്‍ഡിഎഫ് കരുതുന്നു.ഇതിനൊപ്പം കഴിഞ്ഞ തവണ പൂർണമായും നഷ്ടമായ ന്യൂനപക്ഷവോട്ടുകളില്‍ ഒരു വിഭാഗം കിട്ടിയെന്നും നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
രാജീവ് ചന്ദ്രശേഖറിലൂടെ കൂടുതല്‍ വോട്ടുകള്‍ സമാഹരിച്ചുവെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍.കഴിഞ്ഞ തവണ മുന്നിലെത്തിയ നേമത്തിന് പുറമെ,കഴക്കൂട്ടത്തും വട്ടിയൂർക്കാവും ഇത്തവണ മുന്നിലെത്തുമെന്നാണ് ബിജെപിയുടെ അവസാനഘട്ട വിലയിരുത്തല്‍.