സംസ്ഥാനത്തെ പഴം, പച്ചക്കറി കയറ്റുമതിക്കാർ സമരത്തിലേക്ക്
|നാളെ രാത്രി മുതൽ പച്ചക്കറി കയറ്റുമതി നിർത്തുമെന്ന് ആൾ കേരള വെജിറ്റബിൾ ആന്റ് ഫ്രൂട്ട് എക്സ്പോർട്ടേഴ്സ് അസോയിയേഷൻ അറിയിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ പഴം, പച്ചക്കറി കയറ്റുമതിക്കാർ സമരത്തിലേക്ക്. ഒക്ടോബർ 1 മുതൽ 18 ശതമാനം ജി എസ് ടി ഏർപ്പെടുത്തിയതും കൊവിഡ് കാലത്ത് കൂടിയ വിമാനചരക്ക്കൂലി കുറയാത്തതും നടുവൊടിക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു . നാളെ രാത്രി മുതൽ പച്ചക്കറി കയറ്റുമതി നിർത്തുമെന്ന് ആൾ കേരള വെജിറ്റബിൾ ആന്റ് ഫ്രൂട്ട് എക്സ്പോർട്ടേഴ്സ് അസോയിയേഷൻ അറിയിച്ചു.
പഴം, പച്ചക്കറി കയറ്റുമതിക്ക് ആദ്യം 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയിരുന്നെങ്കിലും 2018 പകുതിയോടെ ഇളവ് നല്കി. 4 വർഷമായി നിലനിന്ന ഇളവ് മാറ്റിയതോടെ കഴിഞ്ഞമാസം മുതല്‍ 18 ശതമാനം ജി.എസ്.ടി അടക്കേണ്ട അവസ്ഥയിലാണ് വ്യാപാരികള്‍. ഒരു ദിവസം 5 ടണ്‍ അയക്കുന്ന വ്യാപാരി മാസം 25 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ട അവസ്ഥയിലാണ്.
കോവിഡ് കാലത്ത് കൂടിയ വിമാന ചരക്കു കൂലി കുറക്കാന്‍ വിമാനക്കമ്പനികള്‍ തയ്യാറാകാത്തതും പച്ചക്കറി കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിച്ചു. ചെറിയ മാർജിനും വിദേശ രാജ്യങ്ങളിലെ പരിശോധനകളും അടക്കം വെല്ലുവിളികള്‍ നേരിടുന്ന കച്ചവടം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച രാത്രി മുതല്‍ കയറ്റുമതി നിർത്തിവയ്ക്കാന്‍ ആള് കേരള വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് എക്സ്പോർട്ടേഴ്സ് അസോയിയേഷന് തീരുമാനിച്ചത്. ജി.എസ്.ടി ഇളവ് നല്‍കാനും വിമാന ചരക്ക്കൂലി കുറയ്ക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാണ് കയറ്റുമതിക്കാരുടെ ആവശ്യം.