ഒരു കിലോ ചെറുനാരങ്ങക്ക് 180 രൂപ, തണ്ണിമത്തന് 30 ; പഴങ്ങളില്‍ തൊട്ടാല്‍ പൊള്ളും
|ഷമാമിന് കിലോക്ക് കൂടിയത് 35 രൂപയാണ്.പൈനാപ്പിളിനും ഓറഞ്ചിനുമൊക്കെ 30 രൂപയുടെ വരെ വര്‍ധനവാണ് രണ്ടാഴ്ചക്കിടയില്‍ ഉണ്ടായത്
കോഴിക്കോട്: രണ്ടാഴ്ച മുന്‍പ് 80 രൂപയായിരുന്ന ഒരു കിലോ ചെറുനാരങ്ങയുടെ വില ഇന്ന് 180 ആണ്. ഒരു കിലോ തണ്ണിമത്തന്‍റെ വില പത്ത് ദിവസത്തിനിടെ 12 രൂപയില്‍ നിന്ന് മുപ്പതിലെത്തി. ഷമാമിന് കിലോക്ക് കൂടിയത് 35 രൂപയാണ്.പൈനാപ്പിളിനും ഓറഞ്ചിനുമൊക്കെ 30 രൂപയുടെ വരെ വര്‍ധനവാണ് രണ്ടാഴ്ചക്കിടയില്‍ ഉണ്ടായത്.
തൊട്ടാല്‍ പൊള്ളുന്ന വിലയെന്ന പ്രയോഗം മാറ്റി കേട്ടാല്‍ പൊള്ളുന്ന വിലയെന്ന് പഴ വര്‍ഗങ്ങളുടെ വിലയെക്കുറിച്ച് വിശേഷിപ്പിച്ചാല്‍ തെറ്റുണ്ടാവില്ല. ഒരു കിലോ പഴവര്‍ഗങ്ങള്‍ക്ക് 50 രൂപ വരെ നിന്ന നില്‍പ്പില്‍ കൂടി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പഴങ്ങള്‍ വരുന്നത് കുറഞ്ഞതുകൊണ്ടാണ് വില ഇങ്ങനെ കൂടുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഉത്സവ സീസണും ഇന്ധന വിലവര്‍ധനവും മറ്റ് കാരണങ്ങളാണ്.
അമ്പരിപ്പിക്കുന്ന തരത്തിലാണ് ചെറുനാരങ്ങയുടെ വില കയറുന്നത്. രണ്ടാഴ്ചക്കിടെ കൂടിയത് നൂറ് രൂപ, വലിയ ഒരു ചെറുനാരങ്ങക്ക് പത്ത് രൂപയിലധികം കൊടുക്കേണ്ട അവസ്ഥയാണ് മാര്‍ക്കറ്റില്‍.