63,940 കോടി ചെലവ്, ആറരലക്ഷം യാത്രക്കാർ; കെ-റെയിൽ ഡിപിആറിന്റെ പൂർണരൂപം മീഡിയവണ്ണിന്
|സർവേ പൂർത്തിയായി കഴിഞ്ഞാൽ മാത്രമേ ഏതൊക്കെ കെട്ടിടങ്ങൾ പൊളിക്കണമെന്ന് പറയാനാകൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡിപിആറിലെ വിവരങ്ങൾ
കെ-റെയിൽ ഡിപിആറിന്റെ പൂർണരൂപം മീഡിയവണിന് ലഭിച്ചു. ഡിപിആറും റാപ്പിഡ് എൻവരിയോൺമെന്റ് സ്റ്റഡി റിപ്പോർട്ടുമാണ് പുറത്തായത്. ആറ് ഭാഗങ്ങൾ അടങ്ങുന്നതാണ് ഡിപിആറിന്റെ പൂർണരൂപം. ട്രാഫിക് സ്റ്റഡി റിപ്പോർട്ടും ഡിപിആറിന്റെ പ്രധാന ഭാഗമാണ്. കൂടാതെ പൊളിക്കേണ്ട ദേവാലയങ്ങൾ അടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്.
കെ റെയിലിന്റെ കേന്ദ്രീകൃത വർക്ക് ഷോപ്പ് കൊല്ലത്തും പരിശോധനാ കേന്ദ്രം കാസർഗോഡുമായിരിക്കും സ്ഥാപിക്കുക. 63,940 കോടി രൂപയാണ് പദ്ധതി ചെലവ്. പദ്ധതിക്കായി 6100 കോടി രൂപയുടെ സ്വകാര്യഭൂമിയും ഏറ്റെടുക്കും. 4460 കോടി രൂപയാണ് നഷ്ടപരിഹാരത്തിന് വേണ്ടി മാത്രമായി സർക്കാർ ചിലവഴിക്കുക. കെ റെയിൽ പാതയുടെ മുപ്പത്മീറ്റർ പരിധിയിൽ മറ്റ് നിർമാണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പദ്ധതിച്ചെലവിൻറെ 57 ശതമാനവും വായ്പയെടുക്കാനാണ് സർക്കാർ തീരുമാനം. രണ്ടായിരത്തി ഇരുപത്തിയഞ്ചിൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ടും ഡിപിആറിൽ അടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സിഇഡി ആണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. കെറെയിൽ നീരൊഴുക്ക് തടസപ്പെടുന്നതിനും ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്നും പാരിസ്ഥിതിക ആഘാത പഠനത്തിൽ പറയുന്നു.പദ്ധതിയുടെ സാമ്പത്തിക സാമൂഹിക ആഘാത പഠനങ്ങനങ്ങളും റിപ്പോർട്ടിൽ വ്യക്തമാണ്. രാജ്യത്തേയും വിദേശത്തേയും സമാന പദ്ധതികളെക്കുറിച്ചും വിശദമായ പഠനം നടത്തിയിട്ടുണ്ട്. 2025 -26ൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്നാണ് വിവരം. കെ റെയിൽ സർവ്വീസ് രാവിലെ അഞ്ചു മുതൽ രാത്രി 11 വരെയാണ് ഉണ്ടായിരിക്കുക. പദ്ധതിയെ നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കും. ആറര ലക്ഷം യാത്രക്കാർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റ് ട്രെയിനുകളും പദ്ധതിയിലുണ്ട്. ട്രക്ക് ഗതാഗതതത്തിനായി കൊങ്കൺ മോഡൽ റോറോ സർവീസാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കെ റെയിലിനെ പ്രധാനനഗരങ്ങളുമായും വ്യവസായ കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുമെന്ന്് ഡിപിആറിൽ വ്യക്തമാക്കുന്നു. പദ്ധതിക്കായി ആദ്യം പരിഗണിച്ചത് തീരദേശമേഖലയെയാണ്. ജനവാസമേഖലകളെയും ആരാധനാലയങ്ങളും പരമാവധി ഒഴിവാക്കാൻ ശ്രമിച്ചുവെന്നും ഉദ്ദേശിച്ച വേഗത നിലനിർത്താൻ നേരായ പാതക്ക് മുൻഗണന നൽകിയെന്നും ഡിപിആറിൽ വിശദമാക്കുന്നു.
നേരത്തെ എക്സിക്യൂട്ടീവ് സമ്മറി മാത്രമാണ് പുറത്തു വന്നിരുന്നത്. പരിസ്ഥിതി ആഘാത പഠനം സംസ്്ഥാനത്ത് ആരംഭിക്കുന്ന ദിവസം തന്നെയാണ് ഡിപിആറിന്റെ പൂർണരൂപം പുറത്തായത്. പദ്ധതി പ്രദേശത്തെ പരിസ്ഥിതിയെ കെ റെയിൽ-എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ ഡിപിആറിൽ വ്യക്തമാകുന്നുണ്ട്. കെ-റെയിലുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിടുന്നത് പദ്ധതിയുടെ മുന്നോട്ടുപോക്കിന് ദോഷകരമാകും, അതിനാൽ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. സർവേ പൂർത്തിയായി കഴിഞ്ഞാൽ മാത്രമേ ഏതൊക്കെ കെട്ടിടങ്ങൾ പൊളിക്കണമെന്ന് പറയാനാകൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡിപിആറിലെ വിവരങ്ങൾ. പദ്ധതിയിലൂടെ സർക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിവരവും ഡിപിആറിൽ വിശദീകരിക്കുന്നുണ്ട്. പദ്ധതിയുടെ വിശദവിവരങ്ങൾ പുറത്തു വിടണമെന്ന് പ്രതിക്ഷം നേരത്തെ ആവ്യപ്പെട്ടിരുന്നു.