സർക്കാർ ഫണ്ട് വൈകുന്നു; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യ നീക്കം അവതാളത്തിൽ
|മാലിന്യം കൊണ്ടുപോകുന്ന പ്ലാസ്റ്റിക് കവറുകൾ വാങ്ങുന്നതിനുള്ള 26 ലക്ഷം രൂപയുടെ അനുമതി ഇതുവരെ കിട്ടിയിട്ടില്ല
തിരുവനന്തപുരം: സർക്കാർ ഫണ്ട് വൈകുന്നത് മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യ നീക്കം അവതാളത്തിൽ. മാലിന്യം കൊണ്ടുപോകുന്ന പ്ലാസ്റ്റിക് കവറുകളുടെ അപര്യാപ്തതയാണ് പ്രതിസന്ധിക്ക് കാരണം. തരംതിരിച്ച് സംഭരണികളിൽ ശേഖരിക്കുന്ന ആശുപത്രി മാലിന്യങ്ങൾ വിവിധ നിറത്തിലുള്ള കവറിലാക്കിയാണ് നീക്കം ചെയ്യുക.
അണുബാധയുണ്ടാക്കുന്ന മാലിന്യങ്ങൾ കൊണ്ടുപോകുന്നതിന് മഞ്ഞ കവറാണ് ഉപയോഗിക്കുക. മുറിച്ച് മാറ്റിയ ശരീരഭാഗങ്ങൾ, രക്തം, കഫം, ശ്രവങ്ങൾ പുരണ്ട പഞ്ഞി തുടങ്ങിയവ നിക്ഷേപിക്കുന്നത് ഈ കവറിലാണ്. പ്ലാസ്റ്റികും റബ്ബറും ചുവന്ന കവറിലും ജൈവ മാലിന്യം പച്ച കവറിലും നിക്ഷേപിക്കും. ഇതിൽ മഞ്ഞ, ചുവപ്പ് കവറുകൾക്ക് ക്ഷാമം നേരിട്ടതോടെയാണ് പ്രതിസന്ധി ഉണ്ടായത്.
കവറുകൾ വാങ്ങുന്നതിനുള്ള 26 ലക്ഷം രൂപയുടെ അനുമതി ഇതുവരെ കിട്ടിയിട്ടില്ല. ഈ മാസം 31 ന് മുൻപ് തുക പാസാക്കി കൊണ്ടുള്ള ഉത്തരവ് ലഭിച്ചില്ലെങ്കിൽ പണം പാഴായി പോകുന്ന അവസ്ഥയാണ്.
ആശുപത്രി വികസന സമിതി വഴിയാണ് ഇപ്പോൾ അത്യവശ്യത്തിനുള്ള പ്ലാസറ്റിക് കവറുകൾ ലഭ്യമാക്കുന്നത്. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ വീഴ്ചവരുത്തിയാൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസിന്റെ തീരുമാനം.