Kerala
A special investigation team will soon take further action in the Kodakara hawala case, Tirur Satheesh, K Surendran
Kerala

കൊടകരക്കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചു

Web Desk
|
1 Nov 2024 8:55 AM GMT

ബിജെപി തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി സതീശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് തുടരന്വേഷണം പ്രഖ്യാപിച്ചത്.

ബിജെപി തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി സതീശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായാണ് എത്തിച്ചതെന്ന് സതീശ് കഴിഞ്ഞ ദിവസം മീഡിയവണിനോട് പറഞ്ഞിരുന്നു.

ആറ് ചാക്കുകളിലായാണ് പണം ഓഫീസിലെത്തിച്ചത്. ധർമരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെനിന്നാണ് കൊണ്ടുവന്നതെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളാണ് പണം കൈകാര്യം ചെയ്തതെന്നും സതീശ് വെളിപ്പെടുത്തിയിരുന്നു.

അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയിൽ ഹരജി ഫയൽ ചെയ്യും. പുതിയ വെളിപ്പെടുത്തലുകൾ കോടതിയിൽ വിശദീകരിക്കും. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കും. നേരത്തെ കുറ്റപത്രം സമർപ്പിച്ചതിനാലാണ് തുടരന്വേഷണത്തിന്റെ പശ്ചാത്തലം കോടതിയെ അറിയിക്കുന്നത്.

Similar Posts