നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം; കുറ്റപത്രം സമർപ്പിക്കാൻ നാല് ദിവസം കൂടി അനുവദിച്ച് കോടതി
|നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് മൂന്നാഴ്ചയാണ് ക്രൈംബ്രാഞ്ച് സമയം ആവശ്യപ്പെട്ടിരുന്നത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നാല് ദിവസം കൂടി സമയം അനുവദിച്ചു. വെള്ളിയാഴ്ച അനുബന്ധ കുറ്റപത്രം സമർപ്പിക്കാനും കോടതി നിർദേശിച്ചു. കേസ് പരിഗണിക്കുന്നതിൽ നിന്ന് ഒഴിവാകണമെന്ന നടിയുടെ ആവശ്യം ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരാകരിച്ചു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് മൂന്നാഴ്ചയാണ് ക്രൈംബ്രാഞ്ച് സമയം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വെള്ളിയാഴ്ചക്കകം ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
അനുബന്ധ കുറ്റപത്രം തയ്യാറാക്കി അതിന്റെ പകർപ്പുകൾ എടുക്കാൻ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഇന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ 15ാം തിയതിയായിരുന്നു തുടരന്വേഷണത്തിനുള്ള സമയം അവസാനിച്ചത്. ഈ സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് മൂന്നാഴ്ച കൂടി ആവശ്യപ്പെട്ടത്. ഇതിനിടെ ജയിൽ ഡി.ജി.പിയായിരുന്ന ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കും. ശ്രീ ലേഖയെ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉയർന്നിരുന്നു.
ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം വന്നതിലും അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ ഇതൊന്നും തുടരന്വേഷണത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളല്ല. അതേസമയം ജസ്റ്റിസ് കൗസർ എടപ്പഗത്ത് ബെഞ്ച് ഈ കേസ് പരിഗണിക്കുന്നതിൽ നിന്ന് ഒഴിവാകണം എന്ന് നടി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജായിരിക്കെ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതാണ് കാരണം.