ജെസ്ന തിരോധാന കേസ്; തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി
|പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. തിരുവനന്തപുരം സി.ജെ.എം കോടതിയുടെതാണ് ഉത്തരവ്. ജെസ്നയുടെ പിതാവിൻ്റെ ഹരജിയിലാണ് നടപടി. പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
ജെസ്‌ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സി.ബി.ഐയുടെ വാദം. എന്നാൽ സി.ബി.ഐ പല കാര്യങ്ങളും അന്വേഷിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തെളിവുകൾ തന്‍റെ കൈവശമുണ്ടെന്നും കാണിച്ച് പിതാവ് ജെയിംസ് തടസ്സഹരജി സമർപ്പിക്കുകയായിരുന്നു. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള തെളിവുകൾ നൽകിയെന്നാണ് ജെയിംസിന്‍റെ വാദം. തെളിവുകൾ നൽകിയാൽ തുടരന്വേഷണമാകാം എന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്.
ജെസ്ന ഗർഭിണിയല്ലെന്നും രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയില്ലെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞിരുന്നു. ചില പ്രധാന കാര്യങ്ങൾ സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയില്ലെന്നുമായിരുന്നു ജെയിംസിന്റെ വാദം. ഇത് സി.ബി.ഐ തള്ളുകയായിരുന്നു.
2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്ന മരിയ ജെയിംസിനെ എരുമേലിയില്‍നിന്ന് കാണാതായത്. അടുത്ത ദിവസം എരുമേലി പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. 2021 ഫെബ്രുവരിയില്‍ ഹൈക്കോടതിയാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.