നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
|തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ക്രൈം ബ്രാഞ്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ക്രൈം ബ്രാഞ്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്. കൂടുതൽ പേരെ പ്രതി ചേർക്കാതെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മുൻ കോൺഗ്രസ് എം.എൽ.എമാർക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ നൽകി. നിലവിൽ പ്രതികളായിട്ടുള്ള ആറ് എൽ.ഡി.എഫ് നേതാക്കൾ മാത്രമാണ് ഇപ്പോൾ പ്രതികളായി റിപ്പോർട്ടിലുള്ളത്.
ഇപ്പോഴത്തെ വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എം.എൽ.എ, മുൻ എം.എൽ.എ മാരായ കെ. അജിത്ത്, കുഞ്ഞഹമ്മദ്, പി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികളായി തുടരന്വേഷണ റിപ്പോർട്ടിലുള്ളത്. രണ്ട് കോൺഗ്രസ് എം.എൽ.എമാരെ പ്രതിചേർക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇവർക്കെതിരെ പ്രത്യേകമായാണ് കേസെടുക്കുകയെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു.
കോൺഗ്രസ് മുൻ എം.എൽ.എമാരായ ശിവദാസൻ നായർ, എം.എ വാഹിദ് എന്നിവരെ വനിതാ എം.എൽ.എമാരെ തടഞ്ഞുവെന്ന കുറ്റം ചുമത്തിയാണ് പ്രതി ചേർക്കുക. നേരത്തെ ക്രൈബ്രാഞ്ചിന് ഇതുമായി ബന്ധപ്പെട്ടുള്ള നിയമോപദേശം ലഭിച്ചിരുന്നു. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുക്കാമെന്നുള്ള നിഗമനത്തിലേക്ക് പൊലീസെത്തിയത്. ഇവർക്കെതിരെ കേസെടുക്കുന്നതിനുള്ള നടപടികളെ കുറിച്ച് കോടതി ഇന്ന് ക്രൈബ്രാഞ്ചിനോട് ചോദിച്ചിരുന്നു. നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ കേസെടുക്കിമെന്നാണ് ക്രൈംബ്രാഞ്ച് മറുപടി നൽകിയത്.