Kerala
ഫസല്‍ വധക്കേസിലെ തുടരന്വേഷണം; വൈകിയെത്തിയ നീതിയെന്ന് പി.ജയരാജന്‍
Kerala

ഫസല്‍ വധക്കേസിലെ തുടരന്വേഷണം; വൈകിയെത്തിയ നീതിയെന്ന് പി.ജയരാജന്‍

Web Desk
|
7 July 2021 6:48 AM GMT

സി.പി.എമ്മിനെതിരെ അന്വേഷണ ഏജന്‍സികള്‍ ഇത്രയും നാള്‍ നടത്തിയത് വേട്ടയാടലെന്നും ജയരാജന്‍

തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് സിപിഎം നേതാവ് പി ജയരാജന്‍. വൈകിയെത്തിയ നീതിയാണിതെന്ന് പ്രതികരിച്ച ജയരാജന്‍ ഇത്രയും സിപിഎമ്മിനെതിരെ അന്വേഷണ ഏജന്‍സികള്‍ നടത്തിയത് വേട്ടയാടലാണെന്നും വിമര്‍ശിച്ചു.

ജയരാജന്‍റെ വാക്കുകളില്‍ നിന്ന്

ഫസല്‍ കൊല്ലപ്പെട്ടത് പെരുന്നാളിനോട് അടുത്ത ദിവസമായിരുന്നു. അന്ന് പ്രദേശത്ത് എന്‍.ഡി.എഫ്-ആര്‍.എസ്.എസ് സംഘര്‍ഷം നിലനിന്നിരുന്നു. ആ സഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ കൊലപാതകം നടന്നതെന്നാണ് അന്ന് എന്‍.ഡി.എഫും പ്രദേശത്തുള്ളവരും പറഞ്ഞത്. എന്നാല്‍ പൊലീസും പിന്നീട് സി.ബി.ഐയും ചേര്‍ന്ന് സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു. ആ സമയത്ത് രാഷ്ട്രീയ മുതലെടുപ്പിനായി ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും യോജിച്ച് പ്രവര്‍ത്തിച്ച് സിപിഎമ്മിനെതിരെ പ്രചാരവേല നടത്തുകയായിരുന്നു. പിന്നീട് സിപിഎം പ്രവര്‍ത്തകനായ വാളാങ്കിച്ചാല്‍ മോഹന്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ നിന്നാണ് ഈ കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. മോഹന്‍ വധക്കേസ് അന്വേഷണത്തിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തനെ ചോദ്യംചെയ്തപ്പോഴാണ് കുപ്പി സുധീഷ് അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ ഫസല്‍ വധക്കേസില്‍ ഉള്‍പ്പെട്ടിരുന്നതായി കുറ്റസമ്മതമൊഴി ലഭിച്ചത്.

അതേസമയം കേസ് സി.ബി.ഐ പ്രത്യേത സംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സി.പി.എം നേതാക്കളെ മുഖ്യപ്രതി ചേര്‍ത്ത തലശേരി ഫസൽ വധക്കേസിൽ സഹോദരൻ അബ്ദുൽ സത്താർ സമർപ്പിച്ച തുടരന്വേഷണ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിലെ യഥാർഥ പ്രതികൾ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചായിരുന്നു സഹോദരൻ കോടതിയെ സമീപിച്ചത്. കൊലപാതകത്തിന് പിന്നില്‍ തങ്ങളായിരുന്ന എന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കുപ്പി സുധീഷ് മൊഴി നല്‍കിയിരുന്നതായി ഹരജിയില്‍ പറയുന്നു. കൂട്ടുപ്രതിയായ ഷിനോജ് എന്നയാളും ഇത് സമ്മതിച്ചിട്ടുണ്ട്.

2006 ഒക്‌ടോബർ 22നാണ് തലശ്ശേരിയിൽ മുഹമ്മദ് ഫസൽ എന്ന എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെടുന്നത്. തലശ്ശേരി സെയ്ദാർ പള്ളിക്കുസമീപം നോമ്പ് ദിവസം പുലർച്ചെയാണ് സ്ഥലത്തെ പത്രവിതരണക്കാരന്‍ കൂടിയായ ഫസൽ കൊല്ലപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സി.ബി.ഐ അന്വേഷണം നടത്തുന്ന ആദ്യത്തെ കേസ് കൂടിയായിരുന്നു ഫസൽ വധക്കേസ്. ഫസൽ വധക്കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജൻ, തലശ്ശേരി നഗരസഭാംഗവും ഏരിയ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ എട്ടു സി.പി.എമ്മുകാരെ പ്രതി ചേർത്തായിരുന്നു സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്.

Similar Posts