Kerala
ഇനി പൊലീസുകാരെ പരിശീലിപ്പിക്കും; ജി ലക്ഷ്മണയ്ക്ക് പൊലീസ് ട്രെയിനിങ് ഐ.ജിയായി നിയമനം
Kerala

ഇനി പൊലീസുകാരെ പരിശീലിപ്പിക്കും; ജി ലക്ഷ്മണയ്ക്ക് പൊലീസ് ട്രെയിനിങ് ഐ.ജിയായി നിയമനം

Web Desk
|
22 Feb 2023 3:50 PM GMT

മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സസ്‌പെൻഷനിലായിരുന്നു ജി ലക്ഷ്മൺ

തിരുവനന്തപുരം: തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ 'വ്യാജ പുരാവസ്തുക്കൾ' ഇടനിലക്കാരിയെ ഉപയോഗിച്ച് വിറ്റഴിക്കാൻ ശ്രമിക്കുകയും, തട്ടിപ്പിന് പൊലീസുകാരെ കരുവാക്കുകയും ചെയ്ത ഐ.ജി ജി ലക്ഷ്മണിന് പൊലീസ് ട്രെയിനിങ് ഐജിയായി നിയമനം. മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സസ്‌പെൻഷനിലായിരുന്നു ജി ലക്ഷ്മൺ. സർവീസിലേക്ക് തിരിച്ചെടുത്തെങ്കിലും ജി ലക്ഷ്മണിന് നിയമനം നൽകിയിരുന്നില്ല. സഞ്ജീബ് കുമാർ പട് ജോഷിയെ കോസ്റ്റൽ പൊലീസ് എഡിജിപിയാക്കിയും നിയമിച്ചു.

1997ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ അഡി.ഡി.ജി.പിമാരാക്കിയപ്പോൾ, സസ്പെൻഷനിലായ ലക്ഷ്മണിനെ അന്നും പരിഗണിച്ചിരുന്നില്ല. ബാച്ചിലെ ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് അഡി.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയിരുന്നു. സസ്പെൻഷനിലായതിനാലാണ് ലക്ഷ്മണിനെ പരിഗണിക്കാതിരുന്നത്. സസ്‌പെൻഡ് ചെയ്ത ഐ.ജി ജി ലക്ഷ്മണയെ തിരിച്ചെടുക്കാനുള്ള നീക്കം നേരത്തെ ആരംഭിച്ചിരുന്നു. സസ്‌പെൻഷൻ പിൻവലിക്കുന്നത് പരിശോധിക്കാൻ ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ നിയോഗിച്ചു. ലക്ഷ്മണക്കെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

ഐ.ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വർഷം നവംബർ പത്തിന് ഐ.ജി ലക്ഷ്മണയെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ഐ.ജി ലക്ഷ്മണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൻസൻ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ഐ.ജി ലക്ഷ്മണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. എന്നാൽ ലക്ഷ്മണക്കെതിരെ തെളിവില്ലെന്ന നിലപാടാണ് ക്രൈം ബ്രാഞ്ച് സ്വീകരിച്ചത്. ഇതിൻറെ കൂടി അടിസ്ഥാനത്തിലാണ് സസ്‌പെൻഡ് ചെയ്ത് രണ്ട് മാസത്തിനകം ലക്ഷ്മണയെ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള നീക്കങ്ങൾ സർക്കാർ ആംഭിച്ചത്. ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ പുനപരിശോധിക്കാൻ ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

Similar Posts