Kerala
ജി. ശക്തിധരന്റെ വെളിപ്പെടുത്തൽ: പരാതി പൊലീസ് മുക്കുകയാണെന്ന് കോണ്‍ഗ്രസ്
Kerala

ജി. ശക്തിധരന്റെ വെളിപ്പെടുത്തൽ: പരാതി പൊലീസ് മുക്കുകയാണെന്ന് കോണ്‍ഗ്രസ്

Web Desk
|
28 Jun 2023 7:58 AM GMT

കേസ് എടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് പോകാനാണ് യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: കൈതോലപ്പായയില്‍ സി.പി.എം നേതാവ് പണം കടത്തിയെന്ന ദേശാഭിമാനി മുന്‍ ജീവനക്കാരന്‍റെ ആരോപണം അന്വേഷിക്കണമെന്ന കോൺഗ്രസിന്റെ പരാതി ഡിജിപി, എഡിജിപിക്ക് കൈമാറി. സി.പി.എമ്മിന്‍റെ നേതാവിന് ലഭിച്ച രണ്ട് കോടി രൂപ കാറില്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചെന്നായിരിന്നു ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പരാതി പൊലീസ് മുക്കുകയാണെന്ന് കോണ്ഗ്രസ് ആരോപിച്ചു.

ജി.ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ബെന്നി ബഹനാന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത്. ശക്തിധരന്‍റെ മൊഴിയെടുത്ത ശേഷം അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയാണ് ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് ഡി.ജി.പി കൈമാറിയത്.

പ്രാഥമിക പരിശോധന നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പില്‍ നേതാവിന്‍റെ പേര് പറയാത്തത് കൊണ്ട് കേസ് എടുത്ത് അന്വേഷണം നടത്താന് കഴിയില്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. അന്വേഷണത്തിലേക്ക് പോകണമെങ്കില്‍ ശക്തിധരന്‍റെ മൊഴി എടുക്കണം.

പൊലീസ് അതിന് തയ്യാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കേസ് എടുത്ത് അന്വേഷിക്കണെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. കേസ് എടുത്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശക്തിധരന്‍ പരാതി നല്‍കിയാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേസ് എടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് പോകാനാണ് യുഡിഎഫ് തീരുമാനം.


Similar Posts