'സുധാകരനെ വധിക്കാൻ കൊലയാളികളെ അയച്ചു': പുതിയ ആരോപണവുമായി ശക്തിധരൻ
|"അന്ന് കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലെ അംഗമായിരുന്നു താനും, സുധാകരനെ കൊല്ലാനയച്ചവരിൽ ഒരു അഞ്ചാം പത്തിയുമുണ്ടായിരുന്നു"
കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ വധിക്കാൻ കൊലയാളികളെ അയച്ചിരുന്നുവെന്ന് ജി ശക്തിധരന്റെ വെളിപ്പെടുത്തൽ. അന്ന് കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലെ അംഗമായിരുന്നു താനുമെന്നും ഉന്നത നേതാവ് നെതർലൻഡ് സന്ദർശിച്ചത് കൂലിപ്പടയോടൊപ്പമാണെന്നും ശക്തിധരൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എന്റെ കാളരാത്രികൾ
തുടങ്ങിയിട്ടേയുള്ളൂ
എന്റെ ജീവിതത്തിന്റെ സ്വൈരത ഒരുപറ്റം തെമ്മാടികൾ ഒത്തുചേർന്ന് ചവിട്ടിയരക്കുന്നതിനെ നിസ്സഹായമായി നോൽക്കി നിൽക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു ഇന്നലത്തെ ദിവസം. അശ്ലീല പേമാരിയിലായിരുന്നു ഇന്നലെ എന്റെ വീട്.
ആദ്യത്തെ കോൾ സൗഹൃദത്തോടെ സംസാരിച്ചു തുടങ്ങിയ ഒരുവൻ ജനശക്തിയുടെ മാഹാത്മ്യം എന്നോട് തന്നെ കേൾപ്പിച്ചശേഷം പൊടുന്നനെ ശരീരത്തിലെ ഗുഹ്യഭാഗങ്ങൾ വലിച്ചിട്ട് താണ്ഡവമാടി. ഫോൺ കട്ട് ചെയ്‌തെങ്കിലും അത് നിലച്ചില്ല. തുടർന്ന് അശ്ലീല കോളുകളുടെ പ്രവാഹമായി. കൂട്ടത്തിൽ അതിഭീകരമായ മെസ്സേജുകളും .ഏറെ കൗതുകകരം ഓൺലൈൻ ശക്തിപ്പെടുത്തുന്നതിന് ജനങ്ങളോട് നടത്തിയ അഭ്യർത്ഥയെ ഒരു രൂപ അയച്ചുതന്ന് "ഇത് നിന്റെ ശവദാഹത്തിനുള്ള പണമാണെന്ന് "കൃത്യമായി എഴുതിയ മെസ്സേസ്സേജും ഉണ്ടായിരുന്നു. വെള്ളായണിപരമുവിനെയോ കായംകുളം കൊച്ചുണ്ണിയെയോ തുറന്നുകാട്ടിയാൽ കിട്ടുന്ന പ്രതിഫലം എന്തായിരിക്കുമെന്ന് എനിക്ക് ഒറ്റദിവസം കൊണ്ട് ബോധ്യമായി.അതേസമയം
ഒന്ന് മറ്റൊന്നിൽ പരകായപ്രവേശം നടത്തിയാൽ കിട്ടാവുന്ന ഇരട്ടച്ചങ്കിനെ നിഷ്പ്രഭമാക്കുന്ന പിന്തുണയാണ് ഫണ്ട് സമാഹരണത്തിൽ നേടിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ എന്റെ അച്ഛന്റെ ശ്രാദ്ധ ദിനം ആയതുകൊണ്ട് കുറച്ചു സമയം മനസമാധാനത്തോടെ ശാന്തമായി ഇരിക്കണമെന്ന എന്റെ ആഗ്രഹം അജ്ഞാത ഫോൺവിളിയിലൂടെയും അശ്ലീല സന്ദേശങ്ങളിലൂടെയും ഈ സൈബർ പട തകർത്തു. ഒരു പാർട്ടിയിൽ ഉടുതുണിയില്ലാതെ തുള്ളുന്ന ഇത്ര ഏറേ ഭ്രാന്തന്മാർ ഉണ്ടെന്നത് സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തി ചില ജേക്കബ് മാരുടെ പോസ്റ്റുകളിൽ അത് വായനക്കാരിൽ എത്തുന്ന മാത്രയിൽ തന്നെ ആയിരങ്ങൾ പ്രതികരിക്കുന്നതിന്റെ രസതന്ത്രവും ബോധ്യമായി. ഇയാൾക്ക് എത്ര ലക്ഷം വെള്ളപൂശലിലൂടെ കിട്ടിക്കാണും? പത്രക്കാരനാണത്രെ ,പത്രക്കാരൻ!
കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെ പെണ്ണുകേസിലോ പണം തിരിമറി കേസിലോ മറ്റേതെങ്കിലും കേസിലോ ജയിലിലിട്ടാലേ സ്വൈരമായി ഭരിക്കാനാകൂ എങ്കിൽ അത് ചെയ്യണം.. അതിന് എന്റെ പേര് കൂടി കൂട്ടിക്കെട്ടേണ്ട കാര്യമെന്താ? 'അമ്മ എന്നെ പ്രസവിച്ചശേഷം ടെലിവിഷനിൽ അല്ലാതെ ഞാൻ ഈ പറയുന്ന നേതാവിനെ കണ്ടിട്ടില്ല. അമ്മയുടെ ഗർഭപാത്രത്തിൽ ആയിരുന്ന കാലത്തു ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ എന്നറിയില്ല. ഞാൻ ഈ വാക്ക് എഴുതുന്ന നിമിഷം വരെ അദ്ദേഹവുമായി ഒരിക്കൽ പോലും ഫോണിലോ അല്ലാതെയോ സംസാരിച്ചിട്ടില്ല ആഗ്രഹിച്ചിട്ടുമില്ല.
എന്നാൽ ടെലിവിഷൻ ചാനലുകളിൽ എന്നെ ഇകഴ്ത്തികാണിക്കാൻ കരാർ എടുത്തു എത്തുന്ന പാർട്ടിയുടെ ക്ഷുദ്ര ജീവികൾ എന്തൊക്കെയാണ് പുലമ്പുന്നത്. മനസാക്ഷിയുണ്ടെടോ ഏഭ്യന്മാരെ ?
കെ സുധാകരനെ കേസിൽ പെടുത്തിയതിനുള്ള പ്രതികാരമാണ് ഞാൻ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റ് എന്നെഴുതാൻ എങ്ങിനെ കഴിയുന്നു ശവങ്ങളെ ? നിങ്ങൾക്ക് മനസാക്ഷി ഉണ്ടോ?!
. ഞാൻ ജി ശക്തിധരൻ ആണ്.. മറ്റേതെങ്കിലും ശക്തിധരൻ അല്ല.
എനിക്കെതിരായ വ്യക്തിഹത്യ പാർട്ടിയുടെ പേരിൽ ഇനിയും തുടർന്നാൽ ...........കൂടുതൽ ഞാൻ പറയുന്നില്ല.
കേരളത്തിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം നിലനിൽക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അർബുദം ബാധിച്ച കൊമ്പേ മുറിച്ചു കളയാവൂ.അല്ലാതെ കടപുഴക്കി വീഴ്ത്താൻ ഞാനില്ല. ഇവിടെ ഈ പാർട്ടിയുടെ സേവനം ലഭിക്കേണ്ടുന്ന കോടിക്കണക്കിന് മനുഷ്യർ ഉണ്ട്. ഒരു കെ സുധാകരനെക്കൊണ്ടുനിർത്തി ഉമ്മാക്കി കാണിക്കരുത്. ജയിലിൽ കിടക്കുന്ന സുധാകരൻ ആയിരിക്കും പുറത്തു നിൽക്കുന്ന സുധാകരനേക്കാൾ അപകടകാരി എന്ന സത്യം ഈ അൽപ്പബുദ്ധികൾക്കു മനസിലാകുന്നില്ലേ .
കണ്ണൂരിലെ ദ്വന്ദയുദ്ധ ചരിത്രം പരിശോധിച്ചാൽ ഏറ്റവും കടുത്ത വൈരത്തിൽ കഴിഞ്ഞിരുന്നത് ഇ പി ജയരാജനും കെ സുധാകരനും തമ്മിൽ ആയിരുന്നു. ആ ചിത്രം മാറി. ഇന്നവർ വൈരികൾ അല്ല. ആകെ ശേഷിക്കുന്ന ശത്രുത, തലവന്മാർ തമ്മിലാണ്. അതിൽ ഒന്നുകിൽ ഒരാളെ വകയിരുത്തുകയോ മറ്റേ ആളെ കയ്യിൽ കിട്ടിയ അധികാരം ഉപയോഗിച്ച് ജയിലിൽ അടയ്ക്കുകയോ ചെയ്യുമായിരിക്കും. അതല്ലെങ്കിൽ ഇ പി ജയരാജനെയോ പി ജയരാജനെയോ പോലെ അങ്കത്തട്ടിൽ നിന്ന് പിൻവാങ്ങണം. കണ്ണൂരിലെ നേതാക്കൾ പറയുന്നതെല്ലാം വേദവാക്യമായി എടുത്തിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. അത് പോയി.
എനിക്ക് ആരാണ് കെ സുധാകരൻ? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാനയച്ചവരിൽ ഒരു അഞ്ചാംപത്തി! അതല്ലേ സത്യം?
കെ സുധാകരനെ എങ്ങിനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യുണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവൻ തന്നെയാണ് അയാൾ എന്ന ചിന്ത കമ്മ്യുണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയം. കേരള ചരിത്രത്തിൽ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് ഞാൻ അപ്പോൾ പിന്തുണയ്ക്കുന്നതെന്ന യാഥാർഥ്യം എനിക്ക് സ്വയം വിമർശനപരമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട എനിക്ക് ഉണ്ടെന്നു തന്നെയാണ് ഞാൻ കരുതുന്നത്. അതാണ് കമ്മ്യുണിസ്റ്റ് പ്രചാരണ തന്ത്രത്തിന്റെ മാസ്മരികസ്വാധീനം.
തൊഴിലാളി വർഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘം ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യുണിസ്റ്റ് പാർട്ടികൾ മാറി. അതാണ് റഷ്യയിൽ വാഗ്നർ സംഘത്തിലേക്ക് എത്തിനിൽക്കുന്നത്.
ആരെങ്കിലും ഓർക്കുന്നുണ്ടോ, എന്നറിയില്ല നമ്മുടെ ഒരു നേതാവു കുടുംബസമേതം നെതർലൻഡ്സ് സന്ദർശിച്ചപ്പോൾ സമാനമായ സ്വകാര്യ പടയാളിസംഘത്തെ വാടകക്ക് എടുത്തിരുന്നു. കേന്ദ്ര മന്ത്രിസഭയിലുള്ള സ്വാധീനം കാരണം , പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദശലക്ഷക്കണക്കിന് ഇന്ത്യൻ കറൻസിയാണ് അന്ന് ഒഴുക്കിയത്. എന്തായിരുന്നു ഇത്തരത്തിൽ കൂലിപ്പടയെ വിദേശത്തു വിളിച്ചുവരുത്താൻ കാരണം?ഏതെങ്കിലും കമ്യുണിസ്റ്റ് നേതാവ് അന്വേഷിച്ചോ?ഏതെങ്കിലും കാലത്തു കേരളത്തിൽ നിന്ന് പോയ ഭരണകർത്താവ് ഇങ്ങിനെ കൂലിപ്പട്ടാളത്തെ ഉപയോഗിച്ചിട്ടുണ്ടോ?അവിടെവരെയെത്തി ഇന്ത്യയിലെ കമ്മ്യുണിസം!