'ജി.സുധാകരനും ആർ. നാസറും ഗൂഢാലോചന നടത്തുന്നു': സി.പി.എം ഏരിയ കമ്മിറ്റിക്ക് ഷാനവാസിന്‍റെ കത്ത്
|നോർത്ത് ഏരിയ കമ്മിറ്റി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് കത്ത് കൈമാറും
ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ പാർട്ടിയിൽ ഗൂഢാലോചന നടക്കുന്നതായി നടപടി നേരിട്ട ഷാനവാസ്. ജി സുധാകരൻ, ആർ നാസർ, പി പി ചിത്തരഞ്ജൻ എന്നിവർ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു എന്നാരോപിച്ച് ഷാനവാസ് ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിക്ക് കത്ത് നൽകി.
നോർത്ത് ഏരിയ കമ്മിറ്റി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് കത്ത് കൈമാറും. ലഹരിക്കടത്ത് കേസിൽ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഷാനവാസിനെതിരെ പാർട്ടിയിലെ ഒരുവിഭാഗം പൊലീസ്, ഇ ഡി , ജിഎസ്ടി വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടതാണ് പരാതിക്കടിസ്ഥാനം. പരാതിക്ക് പിന്നിൽ ആലപ്പുഴയിലെ ഒരു ഏരിയ കമ്മിറ്റി അംഗം ആയിരുന്നു. ഇതിന് പിന്നിൽ മുതിർന്ന നേതാക്കളുടെ പ്രേരണ ഉണ്ടെന്നും ഷാനവാസ് ആരോപിച്ചു.
ജി സുധാകരൻ, ആർ നാസർ, പി പി ചിത്തരഞ്ജൻ എന്നിവരുടെ ബാഹ്യ ഇടപെടലുകള്‍ പരാതിക്ക് പിന്നിൽ ഉണ്ടെന്നും, ജില്ലയിൽ വിഭാഗീയത രൂക്ഷമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. ജില്ലയിലെ പാർട്ടികകത്ത് വിഭാഗിയത രൂക്ഷമായതിനിടയിൽ കഴിഞ്ഞ ദിവസം നോർത്ത് ഏരിയ കമ്മിറ്റി യോഗം ചേർന്നിരുന്നു. യോഗത്തിൽ ആർ നാസറിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ മൂന്നിടങ്ങളിൽ രഹസ്യയോഗം ചേർന്നെന്നും ഷാനവാസിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.
ബംഗളൂരുവിൽ നടന്ന സിഐടിയു ദേശീയ സമ്മേളനത്തിനിടെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് രഹസ്യയോഗം ചേർന്നെന്നും ആരോപണമുണ്ട്. സമ്മേളന പ്രതിനിധി അല്ലാത്ത സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം യോഗത്തിൽ പങ്കെടുത്തെന്നും ആക്ഷേപമുണ്ട്. അതേസമയം, സിപിഎമ്മിലെ വിഭാഗീയതയ്ക്ക് കടിഞ്ഞാണിടാൻ സംസ്ഥാന നേതൃത്വം ഇടപെടും. ഒന്നിന് പുറകെ ഒന്നായി വിവാദങ്ങളും തർക്കങ്ങളും തുടരുന്നതിൽ സംസ്ഥാന നേതൃത്വത്തിനും അതൃപ്തിയുണ്ട്.