തെളിവ് നിരത്തി നേരിടാനൊരുങ്ങി ജി സുധാകരന്‍; നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വിരുദ്ധപക്ഷം
|ഐസക് - സുധാകര സമവാക്യത്തിലേക്ക് ജില്ല മാറിയപ്പോഴും അവസാന വാക്കും തീരുമാനവും സുധാകരന്‍റേത് തന്നെ. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ജി സുധാകരന് കാലിടറി തുടങ്ങി
അമ്പലപ്പുഴയിൽ ഉയർന്ന പരാതിയിൽ പാർട്ടി അന്വേഷണ കമ്മീഷൻ എത്തുമ്പോൾ തെളിവുകൾ ഉയർത്തി നേരിടാനുള്ള നീക്കത്തിലാണ് മുതിർന്ന നേതാവായ ജി സുധാകരൻ. ആലപ്പുഴ സിപിഎമ്മിൽ തനിക്കെതിരായുള്ള നീക്കങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനുമാണ് തീരുമാനം. അതേസമയം അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത് സംസ്ഥാന നേതൃത്വവും സുധാകരനെ കൈവിട്ടതിന്റെ സൂചന ആണെന്നാണ് സുധാകര വിരുദ്ധ പക്ഷം പറയുന്നത്.
വിഭാഗീയതയിൽ സിപിഎം ആടിയുലഞ്ഞ കാലത്തും ആലപ്പുഴയിലെ പാർട്ടി ജി സുധാകരന് ഒപ്പമായിരുന്നു. ഐസക് - സുധാകര സമവാക്യത്തിലേക്ക് പിന്നീട് ജില്ല മാറിയപ്പോഴും അവസാന വാക്കും തീരുമാനവും സുധാകരന്‍റേത് തന്നെ. എന്നാൽ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ആലപ്പുഴ സിപിഎമ്മിൽ ജി സുധാകരന് കാലിടറി തുടങ്ങി. തോമസ് ഐസക് പിന്മാറിയപ്പോൾ ജില്ലയിൽ രൂപപ്പെട്ട പുതിയചേരി സുധാകരനെതിരെ നീക്കം ശക്തമാക്കി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മ, സ്ഥാനാർഥിയും പാർട്ടിയും പ്രതിരോധത്തിലായപ്പോൾ സ്വീകരിച്ച മൗനം തുടങ്ങിവയെല്ലാം എതിർചേരി ആയുധമാക്കി. സുധാകരന് പിൻഗാമിയായി അമ്പലപ്പുഴയിൽ ജയിച്ച എച്ച് സലാമിനെ മുന്നിൽ നിർത്തിയായിരുന്നു പരാതികളുടെ കെട്ടഴിച്ചത്.
ഒടുവിൽ അന്വേഷണ കമ്മീഷൻ വരുമ്പോൾ സുധാകരനെതിരെ നടപടി ഉണ്ടാകുമെന്നാണ് വിരുദ്ധപക്ഷത്തിന്റെ പ്രതീക്ഷ. എന്നാൽ ആരോപണങ്ങളെ പ്രതിരോധിക്കാൻ തന്നെയാണ് ജി സുധാകരന്റെ തീരുമാനം. ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കുകളും അമ്പലപ്പുഴയിലെ നേട്ടവും ഉയർത്തിക്കാട്ടിയാകും പ്രതിരോധം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് അന്വേഷണ കമ്മീഷനെ അറിയിക്കും. തത്കാലം പരസ്യ പ്രതികരണത്തിന് ഇല്ലെന്നാണ് ജി സുധാകരന്റെ നിലപാട്.