കരിപ്പൂരിൽ കള്ളക്കടത്തു സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ
|കരിപ്പൂർ വിമാനത്താളവത്തിനടുത്ത് ന്യൂമാൻ ജംക്ഷനിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കവർച്ചാ സംഘത്തെ കണ്ടെത്തിയത് .
മലപ്പുറം: കരിപ്പൂരിൽ കള്ളക്കടത്തു സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. സംഘത്തിലെ നാല് പേർ ഓടി രക്ഷപ്പെട്ടു . സഞ്ചരിച്ച വാഹനത്തിൽ സർക്കാർ വാഹനമെന്ന് പതിപ്പിച്ചാണ് പ്രതികൾ കവർച്ചക്കായി എത്തിയത് .
കരിപ്പൂർ വിമാനത്താളവത്തിനടുത്ത് ന്യൂമാൻ ജംക്ഷനിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കവർച്ചാ സംഘത്തെ കണ്ടെത്തിയത് . ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലിസ് പരിശോധന . കണ്ണൂർ കക്കാട് സ്വദേശി ഫാത്തിമ നിവാസിൽ മജീഫ്, അങ്കമാലി ചുള്ളി സ്വദേശി ടോണി ഉറുമീസ് എന്നിവരെയാണ് കരിപ്പൂർ പോലീസും നിലമ്പൂർ, കൊണ്ടോട്ടി ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്. വാഹനത്തിലുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു.
സർക്കാർ വാഹനമെന്ന സ്റ്റിക്കർ പതിച്ച് വ്യാജ നമ്പർ പ്ലേറ്റുവെച്ച ജീപ്പിലാണ് ആറംഗ സംഘം സഞ്ചരിച്ചിരുന്നത്. പരിശോധനക്കായി പോലീസ് സമീപിച്ച സമയം പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും രണ്ടു പേരെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയുമായിരുന്നു. വിമാന മാർഗ്ഗം കടത്തികൊണ്ടു വരുന്ന സ്വർണ്ണം കവർച്ച ചെയ്യാൻ വേണ്ടി എത്തിയതാണെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു. പിടിയിലായ മജീഫ് കണ്ണൂർ സ്വദേശി അർജുൻ ആയങ്കിയുടെ കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ മാസം 3ന് എടവണ്ണയിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ചുവീഴ്ത്തി 26 ലക്ഷം കവർന്ന കേസ്സിലുൾപ്പെടെ പ്രതിയാണ് മജീഫ്.
ടോണിയും മുൻപ് കവർച്ചാ കേസിലടക്കം പ്രതിയാണ്. ടോണിയെ കാപ്പ ചുമത്തി നാടുകടത്തിയതാണെന്നും പോലീസ് പറഞ്ഞു . പിടിച്ചെടുത്ത വാഹനം ടോണിയുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഓടി രക്ഷപ്പെട്ട പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.