തലസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം; നടുറോഡിൽ സ്ത്രീകളടക്കമുള്ളവർക്ക് നേരെ ആക്രമണം
|ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പൊലീസ് സംസ്ഥാന വ്യാപക പരിശോധന തുടങ്ങി
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ലഹരി സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം വെള്ളറട കണ്ണനല്ലൂരിൽ ഇന്നലെ രാത്രിയുണ്ടായ അക്രമത്തിൽ അമ്പൂരി സ്വദേശിയായ പാസ്റ്റർക്ക് വെട്ടേറ്റു. കൺസ്യൂമർഫെഡ് ജീവനക്കാരിക്കും ഭർത്താവിനും മർദനമേറ്റു. സംഭവത്തിൽ 17-കാരനെ പൊലീസ് പിടികൂടി.
മൂന്ന് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ഇന്നലെ രാത്രി കണ്ണനൂരിൽ ഭീകരാന്തരീക്ഷം വിതച്ചത്. മദ്യപിച്ചെത്തിയ സംഘം വാഹനങ്ങൾ തടഞ്ഞുനിർത്തുകയും യാത്രക്കാരെ അസഭ്യം പറയുകയുമായിരുന്നു. അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുളിനെ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചെന്നും പരാതിയുണ്ട്. ഇതിനിടയിലാണ് അതുവഴി വന്ന കൺസ്യൂമർഫെഡ് ജീവനക്കാരി സരിതയ്ക്കും ഭർത്താവിനും മർദനമേറ്റത്. ഇത് തടയാനെത്തിയ കൺസ്യൂമർഫെഡ് ജീവനക്കാർക്കും മർദനമേറ്റതായി ആരോപണമുണ്ട്. ബഹളം കേട്ടെത്തിയ തന്നെ ഭീഷണിപ്പെടുത്തിയ സംഘം വീടാക്രമിച്ചെന്നും സ്കൂട്ടറിലുണ്ടായിരുന്ന പണം അപഹരിച്ചെന്നും സമീപവാസിയും പരാതിപ്പെട്ടു.
വിവരമറിയിച്ച ശേഷം ഒന്നര മണിക്കൂർ വൈകിയാണ് പൊലീസ് എത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ പൊലീസ് ആരോപണം നിഷേധിച്ചു. പരാതി ലഭിക്കാൻ വൈകിയെന്നാണ് പൊലീസ് ഭാഷ്യം.
ഇതിനിടെ ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പൊലീസ് സംസ്ഥാന വ്യാപക പരിശോധന തുടങ്ങി. കാപ്പ ചുമത്തപ്പെട്ട ഗുണ്ടകൾ, ലഹരിസംഘങ്ങൾ, സ്ഥിരം കുറ്റവാളികൾ എന്നിവരുടെ പട്ടിക തയ്യാറാക്കിയാണ് പരിശോധന. തിരുവനന്തപുരം നഗരത്തിൽ നേമം, കരമന എന്നിവിടങ്ങളിലാണ് പരിശോധന.
കാപ്പ ചുമത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്യുന്ന 'ആഗ്', ലഹരി അമർച്ച ചെയ്യാനുള്ള 'ഡി- ഹണ്ട്' എന്നീ കേരളാ പൊലീസിന്റെ പദ്ധതികൾ പ്രകാരമാണ് പരിശോധന. ഗുണ്ടകൾക്ക് സഹായം ചെയ്യുന്നവർ, സാമ്പത്തികമായി സഹായിക്കുന്നവർ എന്നിവരെയും കണ്ടെത്തും. പുലർച്ചെ നാലുമുതലാണ് പൊലീസ് പരിശോധന ആരംഭിച്ചത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ ദിവസങ്ങൾക്കുള്ളിൽ തിരുവനന്തപുരം കരമനയിൽ അടുത്ത കൊലപാതകം നടത്തിയതിന്റെ സംസ്ഥാന വ്യാപക പരിശോധന തുടങ്ങിയത്. 10 ദിവസം നീണ്ടുനിൽക്കുന്ന പരിശോധനയാണിത്. പരിശോധനയ്ക്കിടെ തിരുവനന്തപുരം നേമത്ത് നിന്ന് നാടുകടത്തിയ ഗുണ്ട അഖിൽ ദേവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടകളുടെ നിയന്ത്രണത്തിലാണ് നാടെന്നും പൊലീസ് നോക്കുകുത്തിയായി നിൽക്കുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.
കഴിഞ്ഞ തവണ ഓപ്പറേഷൻ 'ആഗ്' സംസ്ഥാന വ്യാപകമായി നടത്തിയപ്പോൾ മുന്നൂറിലധികം ഗുണ്ടകളെയാണ് പൊലീസ് പിടികൂടിയത്. ഇത്തവണ അതിലും വിശാലമായ പരിശോധനയാണ് നടക്കുന്നത്.