നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: റോബിൻ ജോർജിനെ സുഹൃത്തുക്കൾ കുടുക്കിയതാണെന്ന് ഭാര്യ
|റോബിൻ രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു
കോട്ടയം: കുമാരനെല്ലൂരിൽ 18 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ നായ പരിശീലന കേന്ദ്രം നടത്തിയ റോബിൻ ജോർജിനെ സുഹൃത്തുക്കൾ കുടുക്കിയതാണെന്ന് ഭാര്യ മീഡിയവണിനോട് പറഞ്ഞു. അനന്ദുവെന്ന സുഹൃത്താണ് ബാഗ് കൊണ്ടു വെച്ചതെന്ന് റോബിൻ പറഞ്ഞിരുന്നതായും ഭാര്യ പറഞ്ഞു. ബാഗില്‍ തുണിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിലെന്തോ പ്രശ്നമുണ്ടെന്ന് പിന്നീട് വിളിച്ചപ്പോള്‍ പറഞ്ഞു. റോബിന്‍റെ കൂടെ സഹായി ആയിരുന്ന ആളെയും കാണാതായിട്ടുണ്ടെന്നും ഭാര്യ പറയുന്നു.
അതേസമയം, കുമാരനെല്ലൂരിലെ കഞ്ചാവ് കേസ് പ്രതി റോബിൻ രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതായാണ് ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. കഴിഞ്ഞ ദിവസം പൊലീസിനെ കണ്ട് ആറ്റിൽ ചാടിയ റോബിൻ കൊശമറ്റം കോളനിയിൽ എത്തി ഓട്ടോറിക്ഷയിൽ കടന്നു കളയുകയായിരുന്നു. നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപന നടത്തിയ റോബിൻ നാല് ദിവസമായി ഒളിവിലാണ്. റോബിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കൊശമറ്റം കോളനി ഭാഗത്തു നിന്നും ആറ്റിൽ ചാടിയാണ് ഇയാൾ രക്ഷപ്പെട്ടത്. പൊലീസിനെ കണ്ട റോബിൻ മീനച്ചിലാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു. റോബിൻ മൊബൈൽ ഫോണും എടിഎം കാർഡും ഉപയോഗിക്കാത്തതിനാൽ ഇയാളുടെ സഞ്ചാര പാത കണ്ടുപിടിക്കുന്നതിൽ അന്വേഷണ സംഘത്തിനു പ്രതിസന്ധിയുണ്ട്. മണർകാട് പൊലീസ് സ്റ്റേഷനിൽ 2019ൽ റോബിനെതിരെ കഞ്ചാവ് കേസുണ്ട്. പിടികൂടിയ കഞ്ചാവ് എവിടെ നിന്നും വാങ്ങി എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.