ഗായത്രിയെ വിളിച്ചപ്പോൾ എടുത്തത് പ്രവീൺ, ആരാണെന്ന് ചോദിച്ചപ്പോൾ കെട്ടിയവനാണെന്ന് മറുപടി; ഫോൺ സംഭാഷണം പുറത്ത്
|നഗരത്തിലെ പള്ളിയിൽ വെച്ചു താലി കെട്ടിയതുൾപ്പെടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രവീണിന്‍റെ വെളിപ്പെടുത്തല്‍.
തിരുവനന്തപുരം തമ്പാനൂരിലെ ഗായത്രിയുടെ കൊലപാതകത്തിൽ പ്രവീണും ബന്ധുക്കളും തമ്മിലുള്ള ഫോൺ സംഭാഷണം മീഡിയവണിന് ലഭിച്ചു. ഗായത്രിയുടെ ബന്ധുക്കൾ ഫോണിൽ വിളിച്ചപ്പോൾ ഫോൺ കൊടുക്കാൻ കഴിയില്ലെന്നായിരുന്നു കേസിൽ അറസ്റ്റിലായ പ്രവീണിന്‍റെ മറുപടി. ഗായത്രിയെ ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്നത് താനാണെന്നും പ്രവീൺ പറഞ്ഞതായി ഫോണ്‍ രേഖകളില്‍ നിന്ന് മനസിലാക്കാം.
കൊല്ലപ്പെട്ട ഗായത്രിയുടെ ഫോണിലേക്ക് ബന്ധുവിന്‍റെ ഫോണ്‍ വിളിയെത്തിയപ്പോള്‍ ഫോണ്‍ എടുത്തത് പ്രവീൺ ആയിരുന്നു, ആരാണെന്ന് ചോദിച്ചപ്പോൾ കെട്ടിയവനാണെന്നായിരുന്നു മറുപടി. ഫോൺ കൊടുക്കാൻ പറഞ്ഞപ്പോൾ ഇപ്പോൾ പറ്റില്ലെന്നായിരുന്നു പ്രവീണിന്‍റെ പ്രതികരണം. ഗായത്രിയെ കൊന്നത് ആസൂത്രിതമെന്ന് സംശയത്തിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്.
നഗരത്തിലെ പള്ളിയിൽ വെച്ചു താലി കെട്ടിയതുൾപ്പെടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രവീണിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ പൊലീസ് ഇതു പൂർണമായും വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നുള്ള അന്വേഷണം നടക്കുകയാണ്.
പ്രവീണിന്‍റെ നിലവിലുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്നു പ്രവീൺ ഉറപ്പു കൊടുത്തിരുന്നെങ്കിലും അതിനു തയാറായിരുന്നില്ല. ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനായിരുന്നു പ്രവീണിന്‍റെ പദ്ധതി. പിന്നീട് ഗായത്രിയെ ആശ്വസിപ്പിക്കാന്‍ 2021 ഫെബ്രുവരിയില്‍ തിരുവനന്തപുരത്തെ ഒരു പളളിയിൽ വച്ച് പ്രവീണ്‍ അവരെ താലികെട്ടുകയായിരുന്നു. ഈ ചിത്രങ്ങൾ ഇരുവരും രഹസ്യമായി സൂക്ഷിച്ചു.
എന്നാല്‍ പ്രവീണിന്‍റെ രഹസ്യബന്ധമറിഞ്ഞ ഭാര്യ പരാതിപ്പെട്ടതോടെ ജ്വല്ലറി ജീവനക്കാരനായ ഇയാളെ സ്ഥാപനം സ്ഥലം മാറ്റി. തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയ പ്രവീണിനൊപ്പം താനും വരുന്നുണ്ടെന്ന് ഗായത്രി നിർബന്ധം പിടിച്ചു. എന്നാൽ ഗായത്രിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് ഇയാൾ പൊലീസിന് നല്‍കിയ മൊഴി.
പക്ഷേ ഹോട്ടലില്‍ വെച്ച് ഗായത്രി പ്രവീണുമായി വഴക്കുണ്ടാക്കുകയും താന്‍ ചതിയില്‍പ്പെട്ടതാണെന്ന് മനസ്സിലാക്കി അപ്പോൾ തന്നെ രഹസ്യമാക്കി വച്ചിരുന്ന വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായി പ്രവീണ്‍ ഗായത്രിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രാഥമിക കണ്ടെത്തല്‍