Kerala
ഗായത്രി പുഴയിലെ അപകടയാത്ര; കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കും
Kerala

ഗായത്രി പുഴയിലെ അപകടയാത്ര; കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കും

Web Desk
|
26 July 2024 12:15 PM GMT

നടപ്പാലമില്ലാത്തതിനാൽ പാലക്കാട് മുതലമട ചുള്ളിയാർമേട്ടിൽ ഗായത്രി പുഴയിൽ ജീവൻ പണയം വെച്ചാണ് കുട്ടികൾ യാത്ര ചെയ്തിരുന്നത്

പാലക്കാട്: ​ഗായത്രി പുഴയിൽ കുട്ടികൾ അപകടയാത്ര നടത്തുന്ന സംഭവത്തിൽ കുട്ടികൾക്ക് വാഹന സൗകര്യം ഏർപെടുത്തും. മുതലമട പഞ്ചായത്ത് ചിലവുകൾ വഹിക്കും. പഞ്ചായത്ത് ഭരണ സമിതിയും മുതലമട ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പി.ടി.എ അംഗങ്ങളും സംയുക്തമായി ചേർന്ന യോഗത്തിലാണ് തീരുമാനം. മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി. നടപ്പാലമില്ലാത്തതിനാൽ പാലക്കാട് മുതലമട ചുള്ളിയാർമേട്ടിൽ ഗായത്രി പുഴയിൽ ജീവൻ പണയം വെച്ചാണ് കുട്ടികൾ യാത്ര ചെയ്തിരുന്നത്.

2018ലെ പ്രളയത്തിൽ ഈ ഭാഗത്തുള്ള നടപ്പാലം തകർന്നിരുന്നു. പിന്നീട് ഇത് പുനർനിർമിച്ചിട്ടില്ല. ചുള്ളിയാർമേട് ജി.എച്ച്.എസ് സ്കൂളിലെ കുട്ടികളാണ് ഒഴുക്കുളള പുഴ മുറിച്ച് കടക്കുന്നത്. പട്ടർപള്ളം, തിമിരികുളമ്പ്, കിഴക്കേക്കാട്, നായ്ക്കചള്ള, പള്ളം എന്നി പ്രദേശങ്ങളിൽ നിന്നായി നൂറു കണക്കിന് കുട്ടികളാണ് യാത്ര പ്രശ്നം നേരിടുന്നത്. കുട്ടികൾ പരസ്പരം കൈകോർത്ത് പിടിച്ച് കുത്തിയൊലിക്കുന്ന പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം മീഡിയവൺ പുറത്തുവിട്ടിരുന്നു. റോഡ് ചുറ്റി പോകുന്നതിന് പകരമാണ് കുട്ടികൾ പുഴ മുറിച്ചുകടക്കുന്നത്. വേനൽക്കാലത്ത് പുഴ മുറിച്ചുകടക്കുന്നതിൽ പ്രശ്നമില്ലെങ്കിലും മഴക്കാലമാകുന്നതോടെ പുഴയിലൂടെ വെള്ളം കുത്തിയൊലിക്കുകയാണ്. ഈ ഒഴുക്കിനെ മറികടന്നാണ് കുട്ടികൾ പുഴ മുറിച്ചു കടന്നിരുന്നത്.



Similar Posts