ഭിന്നിപ്പിച്ച് ഭരിക്കാന്‍ 'സെമിനാർ' എന്ന എളുപ്പ വഴിയുണ്ടെന്ന് ബ്രിട്ടീഷുകാര്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല: ഗീവർഗീസ് മാർ കൂറിലോസ്
|സി.പി.എമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഗീവർഗീസ് മാർ കൂറിലോസ്
കൊച്ചി: ഏക സിവില്‍ കോഡ് വിഷയത്തിലെ സി.പി.എം സെമിനാറിനെ പരോക്ഷമായി വിമര്‍ശിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ഫേസ് ബുക്കിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
"ഭിന്നിപ്പിച്ചു ഭരിക്കുക (divide and rule) എന്ന തന്ത്രം ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ആദ്യമായി ആവിഷ്കരിച്ചതും നടപ്പിലാക്കിയതും എന്നാണ് വെപ്പ്. എന്നാൽ അത് നടപ്പിലാക്കാൻ സെമിനാർ എന്ന ഒരു എളുപ്പ വഴിയുണ്ടെന്ന് സാക്ഷാൽ ബ്രിട്ടീഷ് സാമ്രാജ്യത്വം പോലും ചിന്തിച്ചിട്ടുണ്ടാവില്ല. മാറുന്ന കാലത്തെ നൂതന യുദ്ധ മുറകൾ!"- എന്നാണ് ഗീവർഗീസ് മാർ കൂറിലോസ് കുറിച്ചത്.
യു.ഡി.എഫില്‍ നിന്ന് കോൺഗ്രസിനെയും മറ്റ് ഘടകകക്ഷികളെയും ക്ഷണിക്കാതെ മുസ്‍ലിം ലീഗിനെ മാത്രം സി.പി.എം സെമിനാറിലേക്ക് ക്ഷണിച്ചതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാക്കാനും ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിനുമാണ് സി.പി.എം നീക്കമെന്നാണ് യു.ഡി.എഫ് ക്യാമ്പ് വിമര്‍ശിച്ചത്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള സെമിനാറില്‍ പങ്കെടുക്കാനില്ലെന്ന് ഇന്ന് ലീഗ് വ്യക്തമാക്കുകയും ചെയ്തു. ഭിന്നിപ്പിക്കാനുള്ള സെമിനാറായി ഇത് മാറരുത് എന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ഏക സിവിൽ കോഡിൽ കോൺഗ്രസിന് വ്യക്തതയില്ലെന്നും ലീഗിന്റെ ശരിയായ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് സി.പി.എം സംസ്ഥാന സെക്രടറി എം.വി ഗോവിന്ദൻ പറഞ്ഞത്. സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള കൂട്ടായ്മയായിട്ടാണ് സെമിനാറിനെ കാണുന്നതെന്നാണ് സി.പി.എം വാദം. മുസ്‍ലിം സംഘടനകള്‍ക്കൊപ്പം പട്ടികജാതി, ഗോത്ര വർഗ വിഭാഗങ്ങളും സെമിനാറിന്‍റെ ഭാഗമാകും. ജൂലൈ 15ന് കോഴിക്കോട്ടാണ് സെമിനാര്‍ നടക്കുക.