'ഇത് ഔദ്യോഗികം തന്നെ'; യാക്കോബായ സഭാ നിരണം ഭദ്രാസനാധിപ സ്ഥാനമൊഴിയുന്നതായി ഗീവർഗീസ് മാർ കൂറിലോസ്
|വിവിധ രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളിൽ ഉറച്ച നിലപാട് സ്വീകരിച്ചുവരുന്ന വ്യക്തിയാണ് ഗീവർഗീസ് മാർ കൂറിലോസ്.
കൊച്ചി: യാക്കോബായ സഭാ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനം ഒഴിയുന്നതായി ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഈ മാസം 28 മുതൽ മെത്രാപ്പോലീത്ത സ്ഥാനം അടക്കം എല്ലാ ഔദ്യോഗിക സഭാ ചുമതലകളിൽ നിന്നും സ്വയം വിരമിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മല്ലപ്പള്ളിയിലെ ആനിക്കാട്ടെ ഭവനത്തിൽ ആയിരിക്കും ഇനി താമസം. സാംസ്‌കാരിക- സാമൂഹ്യ സേവന രംഗത്ത് സജീവമായി ഉണ്ടാകുമെന്നു പറഞ്ഞ അദ്ദേഹം തുടർന്നും എല്ലാവരുടെയും പ്രാർഥനയും സ്നേഹവും ഒപ്പം ഉണ്ടാകണമെന്നും അഭ്യർഥിച്ചു.
വിവിധ രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളിൽ ഉറച്ച നിലപാട് സ്വീകരിച്ചുവരുന്ന വ്യക്തിയാണ് ഗീവർഗീസ് മാർ കൂറിലോസ്. സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും തന്റെ നിലപാടുകൾ തുറന്നുപറയാൻ അദ്ദേഹം യാതൊരു മടിയും കാണിച്ചിരുന്നില്ല.
ക്രിസ്ത്യൻ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വർഗീയ- വിദ്വേഷ പരാമര്‍ശത്തിനെയടക്കം അദ്ദേഹം വിമർശിച്ചിരുന്നു. സുവിശേഷം സ്നേഹത്തിന്റേതാണെന്നും വിദ്വേഷത്തിന്‍റേതല്ലെന്നുമായിരുന്നു അന്ന് അദ്ദേഹം നടത്തിയ പ്രസ്താവന.
കൂടാതെ സംഘ്പരിവാറിന്റെ ലൗ ജിഹാദ് കുപ്രചരണത്തിനെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു. ലൗ ജിഹാദ് ഭാവനാസൃഷ്ടിയാണെന്നും ഇത്തരം പദ്ധതികളിൽ ന്യൂനപക്ഷങ്ങൾ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. ഇരകളെ ഭിന്നിപ്പിക്കുക എന്നത് ഫാഷിസ്റ്റ് അജണ്ടയാണ്. അതിനെതിരെ ന്യൂനപക്ഷങ്ങൾ ഒന്നിച്ച് നിൽക്കണം. ക്രൈസ്തവ വിഭാഗങ്ങൾക്ക് സംഘപരിവാറുമായി ഒരു തരത്തിലും ചേർന്ന് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അടുത്തിടെ ഫല്സതീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഗസ്സയെന്നും അവിടെ ഒരു ജനവിഭാഗത്തെ അടിമത്തത്തിന്റെ വംശവെറിയുടെയും പേരിൽ ഞെരിച്ചമർത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നമ്മുടെ രാജ്യം പോലും നിലപാട് മാറ്റി. എത്ര പെട്ടെന്നാണ് നമ്മുടെ രാജ്യത്തിന്റെ വിദേശനയം ഇസ്രായേലിന് അനുകൂലമായി മാറിയതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് സാംസ്‌കാരിക ദേശീയതയുടെ മറവിൽ ഫാഷിസം അരങ്ങുതകർക്കുകയാണ്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് വരെ ലോകത്ത് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ല. ഫലസ്തീൻ ജനതയ്ക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇത് ഔദ്യോഗികം തന്നെ:
ഈ മാസം ഇരുപത്തിയെട്ടാം തീയതി ഞാൻ യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനം അടക്കം എല്ലാ ഔദ്യോഗിക സഭാ ചുമതലകളിൽ നിന്നും സ്വയം വിരമിക്കുകയാണ്. മല്ലപ്പള്ളിയിലെ ആനിക്കാട് ഉള്ള ഭവനത്തിൽ ആയിരിക്കും ഇനി താമസം. സാംസ്‌കാരിക -സാമൂഹ്യ സേവന രംഗത്ത് സജീവമായി ഉണ്ടാകും. തുടർന്നും എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഒപ്പം ഉണ്ടാകുമല്ലോ.