വിദഗ്ധ സമിതി അംഗങ്ങൾ "കോമൺ സെൻസ്' വാക്സിൻ എടുത്തില്ലേ? സര്‍ക്കാര്‍ നിയന്ത്രണങ്ങളെ പരിഹസിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
|മദ്യഷാപ്പുകൾക്ക് മുൻപിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധന അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്ധ സമിതിയുടെ വൈദഗ്ധ്യം സമ്മതിച്ചേ പറ്റൂ
കടുത്ത കോവിഡ് നിയസന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിദഗ്ധ സമിതിയെ പരിഹസിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വിദഗ്ധ സമിതി അംഗങ്ങൾ "കോമൺ സെൻസ്' വാക്സിൻ എടുത്തവരല്ലേയെന്ന് മാര്‍ കൂറിലോസ് പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മാര്‍ കൂറിലോസിന്റെ പ്രതികരണം.
കോവിഡ് വിദഗ്ധ സമിതി അംഗങ്ങളാരും "കോമൺ സെൻസ്' വാക്സിൻ എടുത്തവരല്ലേ? എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യഷാപ്പുകൾക്ക് മുൻപിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധന അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്ധ സമിതിയുടെ വൈദഗ്ധ്യം സമ്മതിച്ചേ പറ്റൂ- ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എഫ്ബിയിൽ കുറിച്ചു.
സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നൽകിയെങ്കിലും കടകളിൽ പോകാൻ ആളുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. ഒരു ഡോസ് വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവർ, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്ക് മാത്രമാണ് വ്യാപാര സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇത് പ്രായോഗികമായി നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് ആക്ഷേപം. നേരത്തെ സംസ്ഥാനത്തെ വ്യാപാരികളും സമാനമായ ആക്ഷേപം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ പുതിയ കോവിഡ് മാനദണ്ഡപ്രകാരമുള്ള നിയന്ത്രണം പ്രഖ്യാപിച്ചത്. ടി.പി.ആർ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത് പകരും രോഗികളുടെ എണ്ണമനുസരിച്ചാവും നിയന്ത്രണം.