ജെൻഡർ ന്യൂട്രാലിറ്റി; സർക്കാർ പൂർണമായും പിന്മാറണമെന്ന് പി.എം.എ സലാം
|പുതുക്കി ഇറക്കിയ സർക്കുലറിലും ഈ ആശയം ചർച്ച ചെയ്യാനുള്ള ശുപാർശയുണ്ടെന്നും പി.എം.എ സലാം പറഞ്ഞു
തിരുവനന്തപുരം: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ സർക്കാർ പൂർണമായും പിന്മാറണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കരട് രേഖയിൽ നിന്ന് ചില ഭാഗങ്ങൾക്ക് മാത്രമാണ് സർക്കാർ തിരുത്തൽ വരുത്തിയത് . പുതുക്കി ഇറക്കിയ സർക്കുലറിലും ഈ ആശയം ചർച്ച ചെയ്യാനുള്ള ശുപാർശയുണ്ടെന്നും പി.എം.എ സലാം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണ കരടിലെ ജെൻഡർ ന്യൂട്രാലിറ്റി നിർദ്ദേശങ്ങളിൽ മാറ്റം വരുത്താനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് കാന്തപുരം അബൂബക്കർ മുസ്ലിയാരും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമടക്കമുള്ളവർ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു പി.എം.എ സലാമിന്റെ പ്രതികരണം.
വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. നിയമസഭയിൽ കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.