'കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ നീതി നിഷേധങ്ങൾക്കെതിരെ പൊതു സമൂഹം മുന്നിട്ടിറങ്ങുക'; ഫ്രറ്റേണിറ്റി മുവ്മെന്റ്
|'ശങ്കർമോഹൻ സ്ഥാപന മേധാവിയായി നിയമിക്കപ്പെട്ടതിനു ശേഷമുള്ള വിവിധങ്ങളായ അവകാശ ലംഘനങ്ങളെകുറിച്ച് അന്വേഷിക്കുകയും നടപടികൾ കൈകൊള്ളാൻ പിണറായി സർക്കാർ പുലർത്തുന്ന നിസ്സംഗത കുറ്റകരമാണ്'
കോട്ടയം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധങ്ങളായ ആവശ്യങ്ങളെ മുൻനിർത്തി സമരം നടത്തുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഐക്യദാർഢ്യം അറിയിച്ചു. ജാതീയ വിവേചനങ്ങളെ അതിജയിച്ച് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന കെ.ആർ നാരായണന്റെ പേരിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ജനാധിത്യ കേരളത്തിന് അപമാനമാണ്. തികഞ്ഞ ഏകാധിപതിയും ജനാധിപത്യവിരുദ്ധനുമായ ശങ്കർമോഹൻ സ്ഥാപന മേധാവിയായി നിയമിക്കപ്പെട്ടതിനു ശേഷമുള്ള വിവിധങ്ങളായ അവകാശ ലംഘനങ്ങളെകുറിച്ച് അന്വേഷിക്കുകയും നടപടികൾ കൈകൊള്ളാൻ പിണറായി സർക്കാർ പുലർത്തുന്ന നിസ്സംഗത കുറ്റകരമാണ്.
പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലക്ക് വേണ്ട നിയമങ്ങളോ ചട്ടങ്ങളോ പാലിക്കാതെയാണ് കോഴ്സുകളും അഡ്മിഷനുൾപ്പെടേയുള്ള കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ വിദ്യാർത്ഥി വിരുദ്ധമായ ബോണ്ടുകളും രണ്ട് ബാച്ചുകളെ ഒരുമിച്ചാക്കി അവസര നഷ്ടം സൃഷ്ടിച്ചും മൂന്നു വർഷത്തെ കോഴ്സ് ആറ് വർഷം കഴിഞ്ഞിട്ടും തീർക്കാൻ കഴിയാതെയുമാണ് സ്ഥാപനം മുന്നോട്ട് പോവുന്നത്. ഇതുവരേ ഒരു ബാച്ച് പോലും പൂർണ്ണമായ സർട്ടിഫിക്കറ്റുകളോടുകൂടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയിട്ടില്ല എന്ന വസ്തുത വളരെ ഗൗരവതരമാണ്. വിദ്യാർത്ഥി പ്രവേശനത്തിൽ സംവരണം പാലിക്കാതെയും പിന്നാക്ക വിഭാഗങ്ങൾക്ക് ലഭ്യമാക്കേണ്ടുന്ന സ്കോളർഷിപ്പുകൾ നഷ്ടപ്പെടുത്തിയും സാമൂഹ്യ നീതിയെ അട്ടിമറിക്കുന്ന അധികാരികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ജനകീയ പ്രക്ഷോഭങ്ങൾക്ക് വിദ്യാർത്ഥി യുവജനങ്ങൾ നേതൃത്വം നൽകുകയും ചെയ്യേണ്ടതുണ്ട്.
നിരവധിയായ അനീതികൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ജാതീയമായി അധിക്ഷേപിക്കുകയും പ്രതികാരനടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഡയറക്ടറുടെ ധാർഷ്ട്യത്തെ കൈകാര്യം ചെയ്യാൻ കക്ഷി രാഷ്ട്രീയത്തിനതീതമായ മുന്നേറ്റം ആവശ്യമാണ്. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ പ്രസിഡന്റ് ഫാറൂഖ്, ജില്ലാ കമ്മറ്റി അംഗങ്ങളായ സമീർ, മുനീർ, ഫിർദ്ദൗസ്, ആബിദ് എന്നിവർ ഐക്യദാർഢ്യ സദസ്സിൽ പങ്കെടുത്തു.