എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കര്‍ദിനാള്‍ ആലഞ്ചേരി
|വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം വത്തിക്കാൻ കർദിനാളിനാണ് നൽകിയിരിക്കുന്നതെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം വത്തിക്കാൻ കർദിനാളിനാണ് നൽകിയിരിക്കുന്നതെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു. അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരാനാണ് വൈദികരുടെ തീരുമാനം.
ഓശാന ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കാനുള്ള സിനഡ് തീരുമാനത്തില്‍ ബിഷപ്പ് ആന്റണി കരിയിലിനെ സമ്മര്‍ദ്ദം ചൊലുത്തി ഒപ്പു വെപ്പിച്ചതായി വൈദികര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശദീകരണവുമായി രംഗത്തെത്തിയത്. സിനഡിന് ശേഷം പുറത്തിറക്കിയ സർക്കുലർ നിലനിൽക്കുമെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനുളള അധികാരം കർദിനാൾ എന്ന നിലയിൽ തനിക്കാണെന്നും ജോർജ് ആലഞ്ചേരി പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. സർക്കുലറിലെ തീരുമാനങ്ങൾ അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാന്നെന്നും കർദിനാൾ അറിയിച്ചു.
ഏകീകൃത കുർബാന നടപ്പിലാക്കുന്നതിന് രൂപതക്ക് ഒരു ഇളവും നൽകില്ലെന്ന കടുത്ത നിലപാടാണ് സഭ നേതൃത്വത്തിനുള്ളത്. അതേസമയം ക്രിസ്തുമസ് വരെ ഏകീകൃത കുർബാന നടത്താനാവില്ലെന്ന നിലപാടിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും ഉറച്ച് നിൽക്കുകയാണ്. സിനഡിന്റെ സർക്കുലർ പള്ളികളിൽ വായിക്കില്ലെന്നും വൈദികർ നിലപാടെടുത്തിട്ടുണ്ട്. സിറോ മലബാര്‍ സഭ ആസ്ഥാനത്ത് നിന്ന് എഴുതി തയാറാക്കിയ സര്‍ക്കുലറില്‍ നിര്‍ബന്ധിച്ച് ഒപ്പിടീച്ചതാണെന്ന് വൈദികയോഗത്തില്‍ ബിഷപ്പ് ആന്റണി കരിയില്‍ വെളിപ്പെടുത്തിയതായി വൈദികര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഭ തലവൻ വിശദീകരണവുമായി രംഗത്ത് വന്നത്. വൈദികർ ഉന്നയിച്ച ആരോപണങ്ങളോട് കർദിനാൾ പ്രതികരിച്ചിട്ടില്ല. ഈസ്റ്ററിന് മുമ്പ് ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന മാർപ്പാപ്പയുടെ നിര്‍ദേശം മറികടന്ന് മുന്നോട്ടു പോകാന്‍ വൈദികര്‍ തീരുമാനിച്ചത് സഭയിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കും.