സമുദായത്തിന് പാര പണിയാൻ മതേതരം കളിച്ചവർക്ക് മുന്നിൽ ജോർജ് കുര്യൻ മാതൃക - കാസ
|അരമനകളുടെ തിണ്ണ നിരങ്ങി വോട്ട് വാങ്ങി ജയിച്ചശേഷമാണ് പലരും മതേതരം കളിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: സ്വന്തം സമുദായത്തിന് പാര പണിയാൻ മതേതരം കളിച്ചവർക്ക് മുന്നിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഒരു മാതൃകയാവട്ടെയെന്ന് കാസ. കേന്ദ്രമന്ത്രി പദവി ലഭിച്ച ശേഷം ചോലത്തടം പള്ളിയിൽ നടന്ന ക്രൈസ്തവ കാഹള സമ്മേളനത്തിൽ ജോർജ് കുര്യൻ പങ്കെടുത്തിരുന്നു. അതിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോക്ക് ഒപ്പമാണ് ‘മതേതരം കളിച്ചവർക്ക്’ ജോർജ് കുര്യൻ മാതൃകയാകട്ടെ എന്ന ആശംസകുറിപ്പ് ’കാസ’ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ക്രിസ്ത്യാനിക്ക് എവിടെയും താൻ ക്രിസ്ത്യാനി ആണെന്ന് പറയാനുള്ള തന്റേടമുണ്ടാവണമെന്ന ജോർജ് കുര്യന്റെ പരാമർശം തലക്കെട്ടായി നൽകിയാണ് പോസ്റ്റ് തുടങ്ങുന്നത്. ഒരു മതേതര രാജ്യത്ത് ഭരണകൂടങ്ങളുടെ ഭാഗമായുള്ള ഏത് ചുമതല ഏറ്റെടുത്താലും എല്ലാ മതസ്ഥരെയും ഒരേപോലെ കാണുകയും എല്ലാ മതസ്ഥർക്കും അർഹമായത് ലഭിക്കുവാനായി വിവേചനമില്ലാതെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം, ഒപ്പം തൻ്റെ വിശ്വാസത്തെ ഉയർത്തിപ്പിടിക്കേണ്ട സ്ഥലത്ത് നട്ടെല്ലോട് കൂടി അത് ഏറ്റുപറയാൻ തയ്യാറാവുകയും വേണമെന്നാണ് കുറിപ്പിലുള്ളത്.
ഏതെങ്കിലും ഒരു മന്ത്രിസ്ഥാനം ലഭിച്ചാൽ ഉടൻ എല്ലാം തന്റെ മതത്തിലോട്ട് മാത്രം പോരട്ടെ എന്ന രീതിയിൽ പ്രവർത്തിച്ചവർക്കും അരമനകളുടെ തിണ്ണ നിരങ്ങി വോട്ട് വാങ്ങി ജയിച്ചശേഷം സ്വന്തം സമുദായത്തിന് പാര പണിയാൻ മതേതരം കളിച്ചവർക്ക് മുന്നിലും ജോർജ് കുര്യൻ ഒരു മാതൃകയാവട്ടെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ജോർജ് കുര്യന്റെ പ്രസംഗത്തിൽ നിന്ന്
ക്രിസ്ത്യാനിയാണെന്ന് പറയാൻ ഏത് രാഷ്ട്രിയ നേതാവിനാണ് കേരളത്തിൽ ആർജ്ജവമുള്ളത്. ചാനൽ ചർച്ചകളിലടക്കം പങ്കെടുക്കുന്ന ഹിന്ദുക്കളായ രാഷ്ട്രിയ നേതാക്കൾ, അത് കമ്യൂണിസ്റ്റാണെങ്കിലും അഭിമാനത്തോടെ വന്ന് പറയും ഞാൻ രാമായാണം വായിക്കുമെന്ന്. ഇസ്‍ലാം മതത്തിലെ എല്ലാ നേതാക്കളും ഖുർആനെ പറ്റി പറയും. എന്നാൽ ക്രിസ്ത്യൻ നേതാവ്, ചാനൽ പോലുള്ള ഇടങ്ങളിൽ വന്ന് ചങ്കൂറ്റത്തോടെ ക്രിസ്ത്യൻ ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ ?
CASAയുടെ പോസ്റ്റിന്റെ പൂർണരൂപം
ക്രിസ്ത്യാനിക്ക് എവിടെയും താൻ ക്രിസ്ത്യാനി ആണെന്ന് പറയാനുള്ള തന്റേടമുണ്ടാവണം - ജോർജ് കുര്യൻ.
ഒരു മതേതര രാജ്യത്ത് ഭരണകൂടങ്ങളുടെ ഭാഗമായുള്ള ഏത് ചുമതല ഏറ്റെടുത്താലും എല്ലാ മതസ്ഥരെയും ഒരേപോലെ കാണുകയും എല്ലാ മതസ്ഥർക്കും അർഹമായത് ലഭിക്കുവാനായി വിവേചനമില്ലാതെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുകയും ഒപ്പം തൻ്റെ വിശ്വാസത്തെ ഉയർത്തിപ്പിടിക്കേണ്ട സ്ഥലത്ത് നട്ടെലോടുകൂടി അത് ഏറ്റുപറയുവാൻ തയ്യാറാവുകയും വേണം.
ഏതെങ്കിലും ഒരു മന്ത്രിസ്ഥാനം ലഭിച്ചാൽ ഉടൻ എല്ലാം തന്റെ മതത്തിലോട്ട് മാത്രം പോരട്ടെ എന്ന രീതിയിൽ പ്രവർത്തിച്ചവർക്കും , അരമനകളുടെ തിണ്ണ നിരങ്ങി വോട്ട് വാങ്ങി ജയിച്ചശേഷം സ്വന്തം സമുദായത്തിന് പാര പണിയാൻ മതേതരം കളിച്ചവർക്ക് മുന്നിലും ശ്രീ ജോർജ് കുര്യൻ ഒരു മാതൃകയാവട്ടെ.