'പൊതുപ്രവർത്തനത്തിനായി നീക്കിവെച്ച ജീവിതം, എല്ലാം ദൈവാനുഗ്രഹം'; സന്തോഷം പങ്കുവെച്ച് ജോർജ് കുര്യന്റെ ഭാര്യ
|സുരേഷ് ഗോപിക്ക് പുറമെയാണ് കേരളത്തില്‍നിന്ന് ജോർജ് കുര്യന്‍ കേന്ദ്രമന്ത്രിയാകുന്നത്
കോട്ടയം: മന്ത്രി സ്ഥാനം പ്രതിക്ഷീക്കാതെ കിട്ടിയതാണെന്ന് ജോർജ് കുര്യന്റെ ഭാര്യ അന്നമ്മ. മാധ്യമ വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞത്. ദീർഘ കാലത്തെ പൊതു പ്രവർത്തനത്തിനുള്ള അംഗീകാരമാണിതെന്നും അന്നമ്മ മീഡിയവണിനോട് പറഞ്ഞു.
'ഞായറാഴ്ച പള്ളിയിൽ പോയി വന്നത് മുതൽ ആളുകൾ വിളിക്കുകയും ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ വാർത്തകളിലൂടെയാണ് അദ്ദേഹം മന്ത്രിയാകുന്ന കാര്യം അറിയുന്നത്. പൊതുപ്രവർത്തനത്തിനായി 100 ശതമാനവും ജീവിതം മാറ്റിവെച്ച മനുഷ്യനാണ് അദ്ദേഹം.ഇതുവരെയും അത് നീതിപൂർവം ചെയ്യാൻ സാധിച്ചിട്ടുണ്ട്. മന്ത്രിയാകുന്ന കാര്യം അറിഞ്ഞ് നിരവധി പേർ വിളിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്'. അന്നമ്മ പറഞ്ഞു.
നരേന്ദ്രമോദിയുടെ ചായസൽക്കാരത്തിൽ കുര്യനും പങ്കെടുത്തിരുന്നു.കോട്ടയം സ്വദേശിയായ ജോര്‍ജ് കുര്യന്‍ യുവമോര്‍ച്ചയിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. ബി.ജെ.പിയുടെ ന്യൂനപക്ഷമുഖം എന്ന നിലയില്‍ പാര്‍ട്ടിക്കിടയില്‍ ശക്തമായ സ്ഥാനമുണ്ടാക്കിയെടുത്ത ജോര്‍ജ് കുര്യന് ഇത്തവണ കേന്ദ്രമന്ത്രി സഭയിലേക്ക് പരിഗണിക്കുകയായിരുന്നു.
സുരേഷ് ഗോപിക്ക് പുറമെയാണ് കേരളത്തില്‍നിന്ന് ജോർജ് കുര്യന്‍ കേന്ദ്രമന്ത്രിയാകുന്നത്.രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ 68 പേരാണ് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. അമിത് ഷാ, രാജ്നാഥ് സിങ്., ശിവ്‍രാജ് സിങ് ചൗഹാൻ തുടങ്ങിയ മുതിർന്ന ബി.ജെ.പി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.ജെ.ഡി.യുവിലെയും ടി.ഡി.പിയിലേയും രണ്ട് പേർ വീതം മന്ത്രിമാരായി അധികാരമേൽക്കും..