Kerala
ലവ് ജിഹാദ് പരാമര്‍ശം: ജോർജ് എം തോമസിനെതിരെ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് സി.പി.എമ്മില്‍ വിമർശനം
Kerala

ലവ് ജിഹാദ് പരാമര്‍ശം: ജോർജ് എം തോമസിനെതിരെ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് സി.പി.എമ്മില്‍ വിമർശനം

Web Desk
|
21 April 2022 1:20 AM GMT

നടപടി നേരത്തെ തന്നെ ആകാമായിരുന്നു എന്നാണ് വിമർശനമുയർന്നത്. കടുത്ത നടപടി വേണമെന്ന ആവശ്യവും കമ്മിറ്റിയിൽ ഉയർന്നു

കോഴിക്കോട്: കോടഞ്ചേരി മിശ്രവിവാഹത്തിൽ ലവ് ജിഹാദ് പരാമർശം നടത്തിയ ജോർജ് എം തോമസിനെതിരെ നടപടിയെടുക്കുന്നതിൽ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിന് വീഴ്ച ഉണ്ടായെന്ന് ജില്ലാ കമ്മിറ്റിയിൽ വിമർശനം. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടാണ് നടപടിയെടുത്തത്. നടപടി നേരത്തെ തന്നെ ആകാമായിരുന്നു എന്നാണ് വിമർശനമുയർന്നത്. കടുത്ത നടപടി വേണമെന്ന ആവശ്യവും കമ്മിറ്റിയിൽ ഉയർന്നു.

ലവ് ജിഹാദ് യാഥാർഥ്യമാണെന്നാണ് കോടഞ്ചേരി മിശ്രവിവാഹത്തിന് പിന്നാലെ ജോർജ് എം തോമസ് നടത്തിയ പ്രസ്താവന. പാർട്ടി രേഖകളിൽ ഇക്കാര്യമുണ്ടെന്നും പറഞ്ഞു. സി.പി.എം ജില്ലാ നേതൃത്വം ഇതിനെ തള്ളിപറഞ്ഞെങ്കിലും അതിന് ശേഷം നടന്ന സെക്രട്ടേറിയേറ്റിലും നടപടിയൊന്നുമെടുത്തില്ല. ജോർജ് എം തോമസിനുണ്ടായ നാക്കു പിഴയായാണ് വിലയിരുത്തിയത്. പിന്നീട് സംസ്ഥാന കമ്മിറ്റിയിലും വിഷയത്തിൽ വിമർശമുയർന്നു. നടപടിയെടുക്കാൻ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ജില്ലാ കമ്മിറ്റിയിലെ ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്.

പാർട്ടി നിലപാടിന് വിരുദ്ധമായി സെക്രട്ടേറിയേറ്റംഗം സംസാരിച്ചിട്ടും ജില്ലാ നേതൃത്വം യഥാസമയം ഇടപെട്ട് നടപടിയെടുക്കാതിരുന്നത് ശരിയായില്ലെന്നും പാർട്ടി നിലപാട് ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ആദ്യം തന്നെ നടപടിയെടുക്കാമായിരുന്നുവെന്നും അംഗങ്ങൾ പറഞ്ഞു. പാർട്ടിയെ കുറിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയ സംഭവമായതിനാൽ പരസ്യ ശാസനയല്ല കടുത്ത നടപടിയാണ് വേണ്ടിയിരുന്നതെന്ന വിമർശനവും ഉയർന്നു. പാർട്ടി നയത്തിൽ നിന്ന് വ്യതിചലിച്ച് ഒരു നേതാവ് പ്രസ്താവന നടത്തുന്നത് കടുത്ത നടപടിയെടുക്കേണ്ട വിഷയമാണ്. എന്നാൽ ജില്ലാ സെക്രട്ടേറിയേറ്റിൽ കൂടുതൽ ചർച്ചകളുണ്ടായില്ല. ഇതിനൊപ്പം ജോർജ് എം തോമസിന്‍റെ പരാമർശത്തെ സി.പി.എം നേതൃത്വം തള്ളിയതിൽ സഭ അനിഷ്ടം അറിയിച്ചിരുന്നു. ക്രൈസ്തവ സഭാ നേതൃത്വത്തെ പിണക്കേണ്ട എന്നതാണ് കടുത്ത നടപടിയിലേക്ക് നീങ്ങാതിരിക്കാൻ കാരണമെന്നും സൂചനയുണ്ട്.

Similar Posts