ഷിജിനെതിരെ നടപടിയുണ്ടാവും, ലവ് ജിഹാദ് പ്രയോഗം ആളെക്കൂട്ടാന്‍: ജോര്‍ജ് എം.തോമസ്
|ഈ വിവാഹം കാരണം ഒരു സമുദായം പാർട്ടിക്കെതിരെ തിരിയാന്‍ കാരണമായെന്നും പ്രണയം ഷിജിൻ പാർട്ടിയെ അറിയിച്ചില്ലെന്നും ജോര്‍ജ് എം.തോമസ്
കോഴിക്കോട് കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് ഷിജിന്റെ മിശ്ര വിവാഹം പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയെന്ന് ജോർജ് എം തോമസ്. ഷിജിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിവാഹം കാരണം ഒരു സമുദായം പാർട്ടിക്കെതിരെ തിരിയാന്‍ കാരണമായി. പ്രണയം ഷിജിൻ പാർട്ടിയെ അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ താമരശേരിയില്‍ നടക്കുന്ന സിപി എം വിശദീകരണ പരിപാടിക്ക് ലവ് ജിഹാദ് എന്ന പ്രയോഗം ചേർത്തത് ജനങ്ങളെ ആകർഷിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ലവ് ജിഹാദ് യാഥാർഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ജോർജ് എം തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. താമരശ്ശേരിയിലെ സി.പി.എം പ്രാദേശിക നേതാവായ ഷിജിന്റെ മിശ്രവിവാഹത്തിനെതിരെ ക്രിസ്ത്യൻ പുരോഹിതരും സംഘടനകളും രംഗത്തുവന്നതിനു പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലവ് ജിഹാദ് എന്ന പ്രക്രിയ ഉണ്ടെന്നാണ് പാർട്ടി രേഖകളിൽ പറഞ്ഞിട്ടുള്ളതെന്ന് ജോർജ് എം. തോമസ് ചൂണ്ടിക്കാട്ടി. പ്രൊഫഷനൽ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള വിദ്യാസമ്പമ്പന്നരായ യുവതികൾ ലൗ ജിഹാദ് പോലെയുള്ള സംഗതികളിൽ വശംവദരാകുന്നുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയൊരു സംഗതി കേരളത്തിലുണ്ടെന്നത് ഞങ്ങളുടെ പാർട്ടി പ്രസിദ്ധീകരണങ്ങളും പ്രമേയങ്ങളുമെല്ലാം വ്യക്തമാക്കിയതാണ്. ലൗജിഹാദ് അപൂർവമായി കേരളത്തിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.