മണിപ്പൂർ സർക്കാരിന്റെ മൗനാനുവാദത്തോടെ നടക്കുന്ന വംശഹത്യക്കെതിരിൽ ജനകീയപ്രക്ഷോഭത്തിന് സജ്ജരാവുക: വിമൻ ജസ്റ്റിസ്
|ജൂലൈ 21 വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം വിമൻ ജസ്റ്റിസ് പ്രക്ഷോഭം നടത്തും
തിരുവനന്തപുരം: മണിപ്പൂരിൽ വംശീയ കലാപങ്ങൾ കൊടുമ്പിരികൊള്ളുന്നതോടൊപ്പം ബലാൽസംഗങ്ങളും സ്ത്രീകൾക്കുനേരെയുള്ള അതിഭീകരമായ അതിക്രമങ്ങളും വർദ്ധിക്കുകയാണ്. വംശഹത്യ നടത്തുന്ന മുഴുവൻ കലാപകാരികളെയും ഉടൻ അറസ്റ്റ് ചെയ്ത് സംസ്ഥാനത്ത് സമാധാനന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുന്നതിന് പകരം വംശഹത്യാവെറിയൻമാർക്ക് ഭരണകൂടം മൗനാനുവാദം നൽകുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്.
പൊതുജനമധ്യത്തിലൂടെ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് അതിക്രൂരമായി കൂട്ടബലാൽസംഗത്തിനിരയാക്കിയ ഗുജറാത്തിലേതിന് സമാനമായ കാഴ്ച ഒരു മനുഷ്യസ്‌നേഹിക്കും കണ്ടിരിക്കാനാവില്ല. മുഴുവൻ അതിക്രമികളെയും ഉടൻ അറസ്റ്റ് ചെയ്ത് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ മണിപ്പൂർ ഭരണകൂടം തയ്യാറാവണം.
മണിപ്പൂരിലും രാജ്യത്തുടനീളവും സമാധാനന്തരീക്ഷം ഉറപ്പുവരുത്താൻ പ്രധാനമന്ത്രി തയ്യാറകണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് പ്രസ്താവിച്ചു. രാജ്യത്തിന്റെ സ്ത്രീത്വം തെരുവിൽ അതിനിഷ്ഠൂരമായി അപമാനിക്കപ്പെടുമ്പോൾ നവോത്ഥാനപോരാളികൾക്ക് മരവിച്ചിരിക്കാനാവില്ല. ഇതിനെതിരിൽ നാളെ ജൂലൈ 21 വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം വിമൻ ജസ്റ്റിസ് പ്രക്ഷോഭം നടത്തുമെന്നും അവർ അറിയിച്ചു.