മുസ്‌ലിം ചിഹ്നങ്ങളെ മാത്രം പൈശാചികവൽക്കരിക്കുന്നത് വംശഹത്യാ പദ്ധതിയുടെ ഭാഗമാണെന്ന് കെ. കെ ബാബുരാജ്
|സംസ്ഥാന പ്രസിഡൻ്റ് അഡ്വ. തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. ജി. ഐ. ഒ സ്റ്റേറ്റ് ജനറൽ കൗൺസിൽ അംഗം അഫ്ര ശിഹാബ് സെമിനാർ നിയന്ത്രിച്ചു
തൃശൂർ: എല്ലാ മത-ജാതി സമൂഹങ്ങളും വിശ്വാസ-സംസ്കാരങ്ങളുടെ ഭാഗമായി വിവിധ ചിഹ്നങ്ങളെ സ്വീകരിക്കുന്നുണ്ടെങ്കിലും മുസ്‌ലിം ചിഹ്നങ്ങളെ മാത്രം പൈശാചികവൽക്കരിക്കുന്നത് വംശഹത്യാ പദ്ധതിയുടെ ഭാഗമാണെന്ന് ചിന്തകനും എഴുത്തുകാരനുമായ കെ. കെ ബാബുരാജ് അഭിപ്രായപ്പെട്ടു. ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി കേരള സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച 'മുസ്‌ലിം ചിഹ്നങ്ങളും ഇന്ത്യയിലെ വംശഹത്യ പദ്ധതികളും' എന്ന അക്കാദമിക് സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച നടന്ന പരിപാടിയിൽ, ഐ. പി. എച്ച് അസിസ്റ്റൻ്റ് ഡയറക്റ്റർ കെ. ടി ഹുസ്സൈൻ, ലീഗൽ ആക്ടിവിസ്റ്റ്, പ്രഭാഷകനുമായ അഡ്വ. അമീൻ ഹസൻ എന്നിവരും വിഷയങ്ങൾ അവതരിപ്പിച്ചു.
സംസ്ഥാന പ്രസിഡൻ്റ് അഡ്വ. തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. ജി. ഐ. ഒ സ്റ്റേറ്റ് ജനറൽ കൗൺസിൽ അംഗം അഫ്ര ശിഹാബ് സെമിനാർ നിയന്ത്രിച്ചു. രാജ്യത്തെ മസ്ജിദ് കൈയേറ്റങ്ങളുടെ രാഷ്ട്രീയം, ചരിത്രം, നിയമ വശങ്ങൾ മുസ്‌ലിം ജനത നേരിട്ടുകൊണ്ടിരിക്കുന്ന നീതി നിഷേധവും, വിഷയത്തിൽ മാധ്യമങ്ങളുടെ നിലപാടുകളും സെമിനാറിൽ ചർച്ച ചെയ്തു. ബാബരിയുടെ മണ്ണിൽ ബാബരി തന്നെയാണ് നീതിയെന്ന് ജി. ഐ. ഒ സെമിനാറിലൂടെ പ്രസ്താവന നടത്തി. ജി. ഐ. ഒ കേരളാ ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ്, സെക്രട്ടറി ഷിഫാന കെ. സുബൈർ, ജി. ഐ. ഓ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഫിദ എം. എം, ജില്ലാ സമിതിയംഗങ്ങൾ ഇർഫാന കെ ഐ, ഹിബ ശിബിലി, ബശരിയ തസ്‌നീം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.