നീലച്ചിത്ര നിർമ്മാണത്തിന് ജയിലിൽ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി
|റൂറൽ ഡവലപ്മെന്‍റ് മന്ത്രി ഗിരിരാജ് സിങ്ങാണ് പാലക്കാട് ഒലവക്കോട്ടെ ആശുപത്രിയിൽ ചികിത്സക്ക് എത്തിയത്
പാലക്കാട്: നീലച്ചിത്ര നിർമ്മാണത്തിന് ജയിലിൽ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി. റൂറൽ ഡവലപ്മെന്‍റ് മന്ത്രി ഗിരിരാജ് സിങ്ങാണ് പാലക്കാട് ഒലവക്കോട്ടെ ആശുപത്രിയിൽ ചികിത്സക്ക് എത്തിയത്. സെക്സ് ഡോക്ടർ എന്ന പേരിൽ കുപ്രസിദ്ധനായ ഡോക്ടർ എൽ.പ്രകാശിന്റെ രോഗിയായാണ് കേന്ദ്രമന്ത്രി എത്തിയത്.
കാൽമുട്ടിന്റെ ശസ്ത്രക്രിയ നടത്താനാണ് ബീഹാർ സ്വദേശിയായ ഗിരിരാജ് സിങ്ങ് ഒലവക്കോട് എത്തിയത്. രാജ്യത്തുടനീളം ആയിരക്കണക്കിന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഉണ്ടായിരിക്കെ കേന്ദ്ര മന്ത്രി വിവാദ നായകനായ എൽ.പ്രകാശിന്റെ ചികിത്സ തെരഞ്ഞെടുത്തത് ദുരൂഹമാണ്. നീലച്ചിത്രങ്ങൾ നിർമ്മിച്ച കേസിൽ 10 വർഷത്തിലധികം ഡോക്ടർ എൽ.പ്രകാശ് ജയിലിൽ കിടന്നിട്ടുണ്ട്. ഇന്നലെയാണ് ശസ്ത്രക്രിയ കഴിഞ്ഞത്.
ഡോക്ടർ എൽ.പ്രകാശുമായി കേന്ദ്രമന്ത്രിക്കുള്ള വ്യക്തിപരമായ അടുപ്പമാണ് ചികിത്സക്ക് എത്താൻ കാരണമെന്നാണ് സൂചന. കാര്യമായ സുരക്ഷ ഒരുക്കിയിട്ടില്ലെങ്കിലും മന്ത്രിയെ കാണാൻ ആരെയും അനുവദിക്കുന്നില്ല. ഇന്ന് ഗിരിരാജ് സിങ് ആശുപത്രി വിടും.