പാലക്കാട് 16 കാരിയെയും സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
|ആത്മഹത്യാ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ്
പാലക്കാട്: കൊല്ലങ്കോട് കമിതാക്കളെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. 16 കാരിയെയും 23 കാരനെയുമാണ് വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് പാവാടി സ്വദേശിയായ 16 കാരിക്കും സുഹൃത്ത് ബാലസുബ്രഹ്മണ്യം (23) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. രണ്ടുപേരെയും തൃശ്ശൂർ മെഡിക്കൽകോളജിലേക്ക് മാറ്റി. ആത്മഹത്യാ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ ഏഴുമണിയോടെ കൊല്ലങ്കോട് സ്വദേശി സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ വെച്ചാണ് സംഭവം. സുബ്രഹ്മണ്യത്തിന് തീപൊള്ളലേറ്റതാണ് വീട്ടുകാർ ആദ്യം കണ്ടത്. മുറിയിൽ കയറിനോക്കിയപ്പോഴാണ് പെൺകുട്ടിയ്ക്കും പൊള്ളലേറ്റ കാര്യം അറിയുന്നത്. അയൽക്കാരായ ഇരുവരും പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇതിൽ എതിർപ്പുണ്ടായിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ കുടുംബം വീട് മാറുകയും ചെയ്തു. വിവാഹം നടക്കില്ലെന്ന് തിരിച്ചറിഞ്ഞ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതായാണ് പൊലീസ് കരുതുന്നത്.
ആദ്യം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ എത്തിച്ചത്. പിന്നീടാണ് തൃശ്ശൂരിലേക്ക് മാറ്റിയത്. തീപിടിത്തത്തിൽ വീടും കത്തിനശിച്ചു.