കാസർകോട് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചസംഭവം; ഹോട്ടലിലെ രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ
|മാനേജിംഗ് പാട്‌നർ മുള്ളോളി അനെക്‌സ്ഗർ (58), ഷവർമാ മേക്കർ നേപ്പാൾ സ്വദേശി സന്ദേഷ് (29) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്
കാഞ്ഞങ്ങാട്: കാസർകോട് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചന്തേര പൊലീസാണ് കേസെടുത്തത്. മാനേജിംഗ് പാട്‌നർ മുള്ളോളി അനെക്‌സ്ഗർ (58), ഷവർമാ മേക്കർ നേപ്പാൾ സ്വദേശി സന്ദേഷ് (29) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഷർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചിരുന്നു. 31 പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ചെറുവത്തൂർ സ്വദേശിയായ വിദ്യാർഥിനി ദേവാനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായിരിക്കുന്നത്.
ഈ കട അടച്ചുപൂട്ടിയിരിക്കുകയാണ്. പൊലീസും ആരോഗ്യവകുപ്പും വിശദ പരിശോധന നടത്തുകയാണ്. ഭക്ഷണ സാമ്പിളുകൾ പരിശോധനക്ക് അയക്കും. പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നത് മൂലമാണ് വിഷബാധയുണ്ടാകുന്നതെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില ഗുരുതരമല്ലെന്നാണ് ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള അറിയിക്കുന്നത്. എന്നാൽ ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്നും അവർ അറിയിച്ചു. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഹോട്ടലുകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.