പതിനൊന്നുകാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിൽപ്പനക്ക് വെച്ച സംഭവം: പ്രതി രണ്ടാനമ്മയാണെന്ന് പൊലീസ്
|പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പോസ്റ്റിട്ടതെന്ന് രണ്ടാനമ്മ
ഇടുക്കി: തൊടുപുഴയില്‍ പതിനൊന്നുകാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബര്‍ സെല്ലിന‍്റെ സഹായത്തോടെ തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. പിതാവിന്‍റെ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് പോസ്റ്റിടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും വല്ലിമ്മയും പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു.
ആദ്യം ചോദ്യം ചെയ്തപ്പോള്‍ രണ്ടാനമ്മ ഇക്കാര്യം നിഷേധിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന് വേറെയും ഭാര്യമാരുള്ളതിനാല്‍ അവരാരെങ്കിലുമാകും ഇത് ചെയ്തതെന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി രണ്ടാനമ്മയാണെന്ന് കണ്ടെത്തിയത്.
രണ്ടാനമ്മക്ക് ആറുമാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടി. പോസ്റ്റിട്ടത് പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നെന്ന് രണ്ടാനമ്മ പൊലീസിനെ അറിയിച്ചു. പെണ്‍കുട്ടിയെ പൊലീസ് കൗണ്‍സിലിംഗിന് വിധേയമാക്കും.