മീഡിയവൺ വിലക്ക് നീക്കിയതിൽ സന്തോഷം: മധുവിന്റെ കുടുംബം
|മധുവിന്റെ നീതിക്കായി നിരവധി വാർത്തകൾ മീഡിയവൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങളുടെ നീതിക്കായി പോരാടാൻ ഇനിയും മീഡിയ വണ്ണിന് കഴിയട്ടെയെന്നും മധുവിന്റെ സഹോദരി
പാലക്കാട്: മീഡിയവൺ വിലക്ക് നീക്കിയതിൽ സന്തോഷമെന്ന് മധുവിന്റെ കുടുംബം. മധുവിന്റെ നീതിക്കായി നിരവധി വാർത്തകൾ മീഡിയവൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങളുടെ നീതിക്കായി പോരാടാൻ ഇനിയും മീഡിയ വണ്ണിന് കഴിയട്ടെയെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു.
2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.
അധിക്ഷേപകരവും നിരുത്തരവാദപരവുമായ രീതിയിലാണ് കേന്ദ്ര സർക്കാർ മീഡിയവൺ കേസിൽ രാജ്യസുരക്ഷാ പ്രശ്‌നം ഉന്നയിച്ചത്. രാജ്യസുരക്ഷാ പ്രശ്‌നം അടിസ്ഥാന രഹിതമായി ഉന്നയിക്കാവുന്നതല്ല. അതിന് മതിയായ തെളിവുകളുടെ പിൻബലം വേണം. മീഡിയവണിന്റെ രാജ്യവിരുദ്ധതയുടെ തെളിവിന് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്, സി.എ.എ - എൻ.ആർ.സി വാർത്തകളും കോടതി- സർക്കാർ വിമർശനങ്ങളുമാണ്. ഇത് ന്യായമായ വാദമല്ലെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, മധുവധക്കേസിൽ ഒന്നാം പ്രതി ഹുസൈന് ഏഴു വർഷം കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി.രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി പി.സജീവ്, പതിമൂന്നാം പ്രതി സതീഷ് , പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനെട്ടായിരം പിഴയും ചുമത്തി.
സംഭവം നടന്ന് അഞ്ച് വർഷത്തിനുശേഷമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി വിധി പറഞ്ഞത്. മാർച്ച് 10നു വാദം പൂർത്തിയായി. മാർച്ച് 18നു വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് 30ലേക്കു മാറ്റി. 30ന് കേസ് പരിഗണിച്ചപ്പോഴാണ് ബുധനാഴ്ച വിധി പറയാനായി വീണ്ടും മാറ്റിയത്. വിധി പറയുന്ന സാഹചര്യത്തിൽ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ചെന്നും തുടര്‍ന്ന്, കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഏപ്രില്‍ 28-ന് വിചാരണ തുടങ്ങിയതുമുതല്‍ നടന്ന സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം വിവാദമായിരുന്നു. പ്രോസിക്യൂഷൻ മാത്രം 103 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. നേരത്തെ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയവർ പോലും കൂറുമാറിയതിൽ ഉൾപെടുന്നു. പ്രതികളുടെ സമ്മർദത്തെ തുടർന്നാണ് കൂറുമാറ്റമെന്ന് പിന്നീട് തെളിഞ്ഞു.