'മത-സമുദായ നേതാക്കളെ കൂട്ടമായി പോയി കാണും'; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിർണായക തീരുമാനം
|യു.ഡി.എഫിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയണമെന്ന് രാഷ്ടീയകാര്യ സമിതിയിൽ ആവശ്യമുയർന്നു
തിരുവനന്തപുരം: മത,സാമുദായിക നേതാക്കളെ കൂട്ടമായി പോയി കാണാൻ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനം. യു.ഡി.എഫിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയണമെന്ന് രാഷ്ടീയകാര്യ സമിതിയിൽ ആവശ്യമുയർന്നു. പ്രധാനമന്ത്രിയുടെ 'യുവം' പരിപാടി നേരിടാൻ കെ.പി.സി.സി യുവസംഗമം നടത്തും. ഒരു ലക്ഷം യുവാക്കളെ പരിപാടിയിൽ പങ്കെടുപ്പിക്കും. സുപ്രധാനമായ മൂന്ന് തീരുമാനങ്ങളാണ് ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതിയിൽ ഉണ്ടായത്. രാവിലെ ആരംഭിച്ച യോഗം വൈകിട്ടോടെയാണ് അവസാനിച്ചത്.
കോൺഗ്രസിന്റെ വോട്ടുബാങ്കായ ന്യൂനപക്ഷ വോട്ടുബാങ്കിലേക്ക് കടന്നുകയറാനുള്ള ബി.ജെ.പി ശ്രമത്തെ പ്രതിരോധിക്കണമെന്ന തീരുമാനമുണ്ടായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനായി സമുദായ,മത നേതാക്കളെ കോൺഗ്രസ് നേതാക്കൾ കൂട്ടമായി പോയി കാണും. ക്രൈസ്തവ ന്യൂനപക്ഷ മേഖലയിൽ മാത്രമല്ല മറ്റു മതനേതാക്കളേയും സന്ദർശിക്കാനാണ് തീരുമാനം.
എല്ലാ സമുദായങ്ങളേയും കൂട്ടിച്ചേർത്തുകൊണ്ടുള്ളതാകണം കോൺഗ്രസിന്റെ കോൺഗ്രസിന്റെ സാമൂഹ്യ ഇടപെടൽ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ജോണി നെല്ലൂരിന്റെ രാജിയും വളരെ വിശദമായി തന്നെ രാഷ്ട്രീയകാര്യ സമിതിയുടെ പരിഗണനക്ക് വന്നു. സ്വാധീനം നോക്കാതെ തന്നെ നേതാക്കളെ പിടിച്ചുനിർത്താനുള്ള ശ്രമം വേണമെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്. കൂടാതെ പ്രധാനമന്ത്രിയുടെ 'യുവം' പരിപാടിയെ നേരിടാനുള്ള തീരുമാനവും യോഗത്തിലുണ്ടായി.