ഗോഡ്സെ കമ്മ്യൂണിസ്റ്റായിരുന്നുവെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്
|മഹാത്മാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിന്റെ ഉത്തമ സ്വയംസേവകനായി മാറുമായിരുന്നുവെന്ന വാദം ആവർത്തിക്കുന്നുവെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ് വ്യക്തമാക്കി
ഗോഡ്സെ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ളയാളാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ഗോഡ്സെക്ക് പ്രത്യേക രാഷ്ട്രീയ പാർട്ടിയുണ്ടായിരുന്നു. ആ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്തുള്ളവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായാണ് ബന്ധമെന്നും കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോഡ്സെയുടെ കാലത്ത് ഹിന്ദു മഹാസഭയുടെ അധ്യക്ഷൻ എൻസി ചാറ്റർജിയായിരുന്നു. എൻസി ചാറ്റർജിയുടെ മകനാണ് സോമനാഥ് ചാറ്റർജി. അവരുടെ കുടുംബപശ്ചാത്തലം മുഴുവൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതായിരുന്നു. എൻസി ചാറ്റർജിയും സോമനാഥ് ചാറ്റർജിയുമെല്ലാം ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടവരാണ്. പിന്നീട് സോമനാഥ് ചാറ്റർജി കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു-കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
എൻസി ചാറ്റർജി ആദ്യം കൊൽക്കത്തയിൽനിന്ന് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് രണ്ടുതവണ തോറ്റു. ഇതിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് മത്സരിച്ചതും ജയിച്ചതും. ഹിന്ദു മഹാസഭയിൽനിന്നു തന്നെയാണ് അയാൾ സ്വതന്ത്ര സ്ഥാനാർത്ഥിയായതും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചതും. ഗോഡ്സെയുടെ ചരിത്രമൊക്കെ കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധി ജീവിച്ചിരിപ്പുണ്ടെങ്കിൽ ആർഎസ്എസുകാരനാകുമായിരുന്നുവെന്ന വാദം കൃഷ്ണദാസ് ആവർത്തിച്ചു. മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെട്ടത് നരേന്ദ്ര മോദിയുടെ കാലത്താണ്, നെഹ്റുവിന്റെ കാലത്തല്ല. സ്വച്ഛ്ഭാരതും ഗ്രാമസ്വരാജും കാർഷികമേഖലയുടെ വികസനവും സ്ത്രീശാക്തീകരണവും പിന്നാക്ക വിഭാഗത്തിന്റെ ഉദ്ധാരണവുമടക്കമുള്ള ഗാന്ധിയുടെ സ്വപ്നങ്ങളെല്ലാം സാക്ഷാൽക്കരിക്കപ്പെട്ടത് നരേന്ദ്ര മോദിയുടെ ഭരണകാലത്താണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗാന്ധിയൻ ദർശനങ്ങളും ആദർശങ്ങളും ചിന്തകളും സ്വജീവിതത്തിൽ ഉൾക്കൊള്ളുകയും അതനുസരിച്ചുള്ള കർമപരിപാടികൾ രാജ്യത്ത് നടപ്പാക്കുകയും ചെയ്ത നരേന്ദ്ര മോദിയെയും ബിജെപി-ആർഎസ്എസ് നേതാക്കന്മാരെയും ഗാന്ധിവധത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ കയറ്റാനാണ് കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും ശ്രമിക്കുന്നത്. മഹാത്മാഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം ആർഎസ്എസിന്റെ ഉത്തമ സ്വയംസേവകനായി മാറുമായിരുന്നു എന്ന് ഞാൻ കരുതുന്നു. എന്റെ രാഷ്ട്രീയ നിരീക്ഷണമാണത്. അത് ഞാൻ ആവർത്തിക്കുന്നു. അതിന്റെ പേരിൽ കോടതിയിൽ പോകേണ്ടവർക്കെല്ലാം പോകാം-കൃഷ്ണദാസ് വ്യക്തമാക്കി.