'അയോധ്യയിൽ ഉയരുന്നത് ഗോഡ്‌സെയുടെ രാമക്ഷേത്രം': കോൺഗ്രസിന് വെൽഫെയർ പാർട്ടിയുടെ രൂക്ഷ വിമർശനം
|''ബി.ജെ.പി ഒരുക്കിയ കെണിയിൽ വീണ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനെ മറ്റാർക്കും രക്ഷിക്കാനാവും എന്ന് തോന്നുന്നില്ല''
കോഴിക്കോട്: രാമക്ഷേത്രം സ്വപ്നം കണ്ട ഗാന്ധിജി കോൺഗ്രസിന്റെ ക്യാപ്റ്റൻ ആണെന്നും രാമക്ഷേത്രത്തിന് സൗകര്യമൊരുക്കി കൊടുത്തത് രാജീവ് ഗാന്ധിയാണെന്നുമുള്ള കർണാടക കോൺഗ്രസിന്റെ തിരക്കഥ ബി.ജെ.പിയുടെ കെണിയിൽ കോൺഗ്രസ് വീണതിന്റെ സൂചനയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
നരസിംഹ റാവുവും രാജീവ് ഗാന്ധിയും ചെയ്തുകൊടുത്ത ഈ സേവനത്തിന് സംഘ്പരിവാർ ചെയ്ത പ്രത്യുപകാരമാണ് കോൺഗ്രസിന്റെ അധികാര നഷ്ടം. അയോധ്യയിൽ ഉയരുന്നത് ഗോഡ്സെയുടെ രാമക്ഷേത്രമാണ്, രാമന്റേതല്ല. ബാബരി മസ്ജിദ് തകർത്ത് അന്യായമായി പടുത്തുയർത്തിയ രാമക്ഷേത്രത്തിൽ രാമഭക്തർ രാമനെ തേടി പോകില്ലെന്നും ഗോഡ്സെ ഭക്തർ നിർമ്മിച്ച രാമക്ഷേത്രത്തിൽ ഗാന്ധിജിയുടെ അനുയായികൾക്കും പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് തകർത്തത് മതേതരത്വത്തിന്റെ തന്നെ മരണമായി കാണുന്ന മതേതര വിശ്വാസികളും, രാമനെ തന്നെ അംഗീകരിച്ചിട്ടില്ലാത്ത സഹോദരൻ അയ്യപ്പന്റെയും അയ്യങ്കാളിയുടെയും അനുയായികളും തീരെ പോകില്ല. പോകുന്നത് സംഘികളും അവർ സൃഷ്ടിച്ച പൊതു ബോധത്തിന്റെ ഇരകളും മാത്രമായിരിക്കും. ഗോഡ്സെയുടെ രാമക്ഷേത്രത്തിന് സൗകര്യം ഒരുക്കി കൊടുത്തവരെക്കാളും അവർക്ക് ഇഷ്ടം രാമ ക്ഷേത്രം പണിയുന്നവരെയാണ് . അതുകൊണ്ട് കോൺഗ്രസിന് തിരിച്ചുവരവ് സാധ്യത തെളിയുമ്പോൾ ആ സാധ്യത കൂടി ഇല്ലാതാക്കുകയാണ് വീണ്ടും രാമക്ഷേത്രം.
ബി.ജെ.പി ഒരുക്കിയ കെണിയിൽ വീണ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനെ മറ്റാർക്കും രക്ഷിക്കാനാവും എന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.