സ്വർണ്ണം പൊട്ടിക്കലും കോഴ ആരോപണവും: ഉൾപാർട്ടി പോരിൽ ആടിയുലഞ്ഞ് സി.പി.എം
|പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോവാൻ സംസ്ഥാന നേതൃത്വം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ ആടിയുലഞ്ഞ് നിൽക്കുന്ന സി.പി.എമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഉൾപാർട്ടി പ്രശ്നങ്ങൾ. തിരുത്തൽ നടപടികളുമായി സി.പി.എം മുന്നോട്ടുപോകുന്നതിനിടയിലാണ് സ്വർണ്ണം പൊട്ടിക്കലും പി.എസ്.സി നിയമന കോഴ വിവാദവും സിപിഎമ്മിന് ഇടിത്തീയായിരിക്കുന്നത്.
സ്വർണ്ണക്കടത്ത്,സ്വർണ്ണം പൊട്ടിക്കൽ അടക്കമുള്ള വിഷയങ്ങളിൽ പാർട്ടി നേതാക്കന്മാർക്ക് പങ്കുണ്ട് എന്ന ആരോപണം, കണ്ണൂർ ജില്ലയിൽ നിന്ന് ഉയർന്നുവന്നത് പരിഹരിക്കാൻ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് കോഴിക്കോട് ജില്ലയിലെ ഏരിയാ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടുളിയുമായി ബന്ധപ്പെട്ട പി.എസ്.സി നിയമന വിവാദം വരുന്നത്. സർക്കാരിന്റെയും പാർട്ടിയുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഈ വിഷയത്തിൽ പ്രമോദിനെ പുറത്താക്കി രക്ഷപ്പെടാനാണ് സിപിഎം ശ്രമിച്ചത്.
എന്നാൽ പാർട്ടിയുടെ പ്രതിസന്ധി അവിടെ അവസാനിച്ചിട്ടില്ല, തനിക്കെതിരെ പരാതി നൽകിയ ശ്രീജിത്ത് എന്ന വ്യക്തിയുടെ വീടിനുമുന്നിൽ പ്രമോദ് നടത്തുന്ന സമരം സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി. പണം വാങ്ങിയിട്ടുണ്ടെങ്കിൽ താൻ മാത്രമല്ല അതിൽ കുറ്റക്കാർ മറ്റ് ചില നേതാക്കൾ കൂടിയുണ്ട് എന്ന സന്ദേശം പൊതുസമൂഹത്തിന് മുന്നിലേക്ക് വെക്കുകയായിരുന്നു പ്രമോദ്. പ്രമോദിനെ പുറത്താക്കാനുള്ള പാർട്ടി തീരുമാനം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറി മോഹനൻ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയാറായില്ല.
പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ പ്രതിസന്ധികള്‍ പരിഹരിച്ച് മുന്നോട്ടു പോകാൻ വേണ്ടിയുള്ള ശ്രമങ്ങളായിരിക്കും സംസ്ഥാന നേതൃത്വത്തിന്റെ മുന്നിൽ ഉണ്ടാവുക.