ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ്; പരാതികള്‍ മുന്നൂറു കടന്നു
|തുടര്‍ നടപടികള്‍ ചർച്ച ചെയ്യാനായി തട്ടിപ്പിനിരയായവര്‍ കുറ്റ്യാടിയില്‍ യോഗം ചേര്‍ന്നു
കോഴിക്കോട് കുറ്റ്യാടിയിലെ ഗോള്‍ഡ് പാലസ് ജ്വല്ലറിക്കെതിരെ പൊലീസില്‍ കൂടുതല്‍ പരാതികള്‍. മുന്നൂറിലധികം പരാതികളാണ് ഇതുവരെ പൊലീസിന് ലഭിച്ചിരിക്കുന്നത്. കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 250ലധികം പരാതികളാണ്. ജ്വല്ലറിയുടെ പയ്യോളി കല്ലാച്ചി ശാഖകളില്‍ തട്ടിപ്പിനിരയായവരുടെ പരാതികള്‍ വേറെയുമുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പരാതികളെത്താന്‍ സാധ്യതയുണ്ടെന്നാണ് പൊലീസും പറയുന്നത്.
അതിനിടെ, തുടര്‍ നടപടികള്‍ ചർച്ച ചെയ്യാനായി തട്ടിപ്പിനിരയായവര്‍ കുറ്റ്യാടിയില്‍ യോഗം ചേര്‍ന്നു. അമ്പതിലധികം പേര്‍ യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ ജ്വല്ലറി പാര്‍ട്ണറായ വി.പി സബീര്‍ മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സബീറിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിക്കൂ.
നിക്ഷേപകരില്‍ നിന്നും സമാഹരിച്ച പണം ഏതൊക്കെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന കാര്യവും കണ്ടെത്തേണ്ടതുണ്ട്. അതേസമയം, ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജ്വല്ലറിയുടെ കുറ്റ്യാടി ശാഖയിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.