"താല്‍ക്കാലികാശ്വാസം"; രാവിലെ കുതിച്ചുയര്‍ന്ന സ്വര്‍ണവില കുറഞ്ഞു
|രാവിലെ സ്വര്‍ണവില 40,560 രൂപയിൽ എത്തിയിരുന്നു
ഇന്ന് രാവിലെ കുതിച്ചുയർന്ന സ്വർണവില കുറഞ്ഞു. പവന് 720 രൂപയാണ് കുറഞ്ഞത്. പവന് 39,840 രൂപ ആണ് ഇപ്പോഴത്തെ വില. രാവിലെ സ്വര്‍ണവില 40,560 രൂപയിൽ എത്തിയിരുന്നു. പവന് 1,040 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 5,070 രൂപയായിരുന്നു.
യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിലെ വില വർധനയാണ് രാജ്യത്തും പ്രതിഫലിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് ഇത്രയധികം വര്‍ധിച്ചത്.ഇന്നലെ പവന് 39,520 രൂപയായിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് ഗ്രാമിന് 130 രൂപയുടെയും പവന് 1040 രൂപയുടെയും വര്‍ധനയാണുണ്ടായത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് പവന്റെ വില ഇന്ന് 40,000 കടന്നത്. 2020 ആഗസ്ത് 7ന് 42000 രൂപയിലെത്തിയതാണ് സ്വര്‍ണ വിലയിൽ സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്.വരും ദിവസങ്ങളിൽ ഇതും ഭേദിക്കുമെന്നാണ് സൂചന.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 3800 രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയിൽ രേഖപ്പെടുത്തിയത്. യുക്രൈനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് റഷ്യയിൽ നിന്നുളള സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതാണ് വില കുതിച്ചുകയറാനുളള പ്രധാന കാരണം.വന്‍കിട നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി കണ്ട് സ്വര്‍ണം വാങ്ങിച്ചു കൂട്ടുന്നതും രൂപയുടെ മൂല്യമിടിയുന്നതും വില വര്‍ധനയിലേക്ക് നയിച്ചു.